Skip to main content

ചെറുതോണിയില്‍ ഹരിത കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു

ഹരിത കാര്‍ഷിക വിപണന കേന്ദ്രത്തിന്റെ ജില്ലാ തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍ നിര്‍വഹിച്ചു. കര്‍ഷകര്‍ ധാരാളം വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ കൈത്താങ്ങാവുക എന്ന ലക്ഷ്യമാണ് മുന്നിലുള്ളതെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തംഗം നിമ്മി ജയന്‍ അധ്യക്ഷത വഹിച്ചു. പ്രാഥമിക സഹകരണസംഘം അസോസിയേഷന്‍ ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തുകയും കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ തുക കൈമാറുകയും ചെയ്തു.
സംസ്ഥാനസര്‍ക്കാര്‍ കാര്‍ഷികമേഖലയില്‍ വിളകളുടെ ഉല്‍പാദനത്തിനും വിപണനത്തിനും പ്രാധാന്യം നല്‍കുന്ന കരുതല്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ചെറുതോണിയില്‍ ജൈവഗ്രാം സൊസൈറ്റിയ്ക്ക് സമീപമാണ് കാര്‍ഷിക വിപണന കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ ഹരിത എന്ന സംഘം രൂപീകരിച്ച് ഉല്‍പ്പന്നങ്ങള്‍ ന്യായവിലയ്ക്ക് ശേഖരിച്ച് പൊതുജനങ്ങള്‍ക്ക് വിഷരഹിതമായി ലഭ്യമാക്കുന്നു. 2022-23 വാര്‍ഷിക പാതിയില്‍ 6,75,000 രൂപ വകയിരുത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തില്‍ കാര്‍ഷിക വിപണന കേന്ദ്രങ്ങള്‍ സജ്ജമാക്കിക്കൊണ്ട് കാര്‍ഷിക ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിനും വിപണനം നടത്തുന്നതിനും ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയും ജില്ലയിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ പരമാവധി വിപണനം സാധ്യമാക്കുകയും ചെയ്യുന്നതിനായി കൃഷി വകുപ്പിന്റെ കൂടി സഹകരണത്തോടെ പരമാവധി ഉല്‍പന്നങ്ങള്‍ കയറ്റുമതി/മൊത്തവ്യാപാര കമ്പോളങ്ങളിലൂടെ വിറ്റഴിച്ച് കര്‍ഷകരുടെ ജീവിത-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്. ഇടുക്കി ബ്ലോക്കിലെ കര്‍ഷകര്‍ ഉല്‍പ്പാദിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ എല്ലാ തിങ്കളാഴ്ചയും വിപണന കേന്ദ്രത്തില്‍ വില്‍ക്കാനും വാങ്ങാനും സാധിക്കും.
പരിപാടിയില്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം പ്രഭ തങ്കച്ചന്‍, ഹരിത സംഘം സെക്രട്ടറി എം വി ബേബി, കൃഷി ഓഫീസര്‍ ലിനറ്റ് ജോര്‍ജ്, ഹരിത സംഘം പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date