Skip to main content
ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗത്തിൽ  തോമസ് ചാഴികാടൻ എം.പി. പ്രസംഗിക്കുന്നു

ആദ്യപാദത്തിൽ ജില്ലയിൽ ബാങ്കുകൾ 7411 കോടി രൂപ വായ്പയായി നൽകി

 

കോട്ടയം: ജൂൺ 30ന് അവസാനിച്ച സാമ്പത്തികവർഷത്തിന്റെ ആദ്യപാദത്തിൽ കോട്ടയം ജില്ലയിൽ വിവിധ ബാങ്കുകൾ 7411 കോടി രൂപ വായ്പ നൽകിയതായി ജില്ലാതല ബാങ്കിങ്് അവലോകന സമിതി യോഗം അറിയിച്ചു. 2784 കോടി രൂപ കാർഷിക മേഖലയ്ക്കും 1893 കോടി രൂപ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയ്ക്കും, 125 കോടി രൂപ വിദ്യാഭ്യാസ, മുൻഗണന വിഭാഗത്തിൽ വരുന്ന ഭവനവായ്പ എന്നിവ അടങ്ങുന്ന മേഖലയിലും വിതരണം ചെയ്തു.
 വ്യക്തിഗത വായ്പ, വാഹന വായ്പ, മുൻഗണനേതര ഭവന വയ്പ എന്നിവ അടങ്ങുന്ന മുൻഗണനേതര വിഭാഗത്തിൽ 2608 കോടി രൂപയും വിതരണം ചെയ്തു. ആകെ വിതരണം ചെയ്ത വായ്പയിൽ 4803 കോടി രൂപ മുൻഗണനാ വിഭാഗത്തിലാണ്. കോട്ടയം ജില്ലയിലെ ബാങ്കുകളുടെ മൊത്തം വായ്പ  നീക്കിയിരിപ്പ് 32544കോടിയും, നിക്ഷേപ നീക്കിയിരിപ്പ് 60733 കോടിയുമാണ്.
 എല്ലാ ബാങ്കുകളിലേയും വിദ്യാഭ്യാസവായ്പയുടെ പലിശ ഏകീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തോമസ് ചാഴികാടൻ എം.പി.  ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാഭ്യാസ വായ്പ എടുക്കുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും വായ്പയുടെ തിരിച്ചടവ്, പലിശ, കാലാവധി തുടങ്ങിയവ കൃത്യമായി മനസ്സിലാക്കി കൊടുക്കുവാൻ ബാങ്കുകൾ ശ്രദ്ധിക്കണം എന്നു യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ വി വിഗ്‌നേശ്വരി പറഞ്ഞു.
എസ്.ബി.ഐ കോട്ടയം അസിസ്റ്റന്റ് ജനറൽ മാനേജർ ഷാജി സി. ശിവൻ, ലീഡ് ഡിസ്ട്രിക്ട് മാനേജർ അലക്‌സ് മണ്ണൂരാൻപറമ്പിൽ, ആർ.ബി.ഐ: എൽ.ഡി.ഒ സാവിയോ ജോസ് വാണിയപുര, ആർസെറ്റി ഡയറക്ടർ സുനിൽ ദത്ത്, എന്നിവരും വിവിധ സർക്കാർ വകുപ്പിലെ പ്രധിനിധികളും യോഗത്തിൽ സംസാരിച്ചു.

 

 

date