Skip to main content
മണ്ണറിഞ്ഞുള്ള വള പ്രയോഗം വിള വര്‍ധിപ്പിക്കും- കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം

മണ്ണറിഞ്ഞുള്ള വള പ്രയോഗം വിള വര്‍ധിപ്പിക്കും- കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖം

ആലപ്പുഴ: കൃഷിയിറക്കുന്ന മണ്ണിനനുയോജ്യമായ വളപ്രയോഗരീതിയിലൂടെ മാത്രമേ നെല്‍ച്ചെടിയുടെ ശരിയായ വളര്‍ച്ചയും ഉയര്‍ന്ന വിളവും ഉറപ്പാക്കാനാകുവെന്ന് കര്‍ഷക ശാസ്ത്രജ്ഞ സംവാദം. കേരള കാര്‍ഷിക സര്‍വകലാശാലയും മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രവും സംയുക്തമായി നടത്തിയ കര്‍ഷക-ശാസ്ത്രജ്ഞ മുഖാമുഖത്തിലാണ് കൃഷിയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങള്‍ ചര്‍ച്ചയായത്. കെ.യു. സമ്പൂര്‍ണ്ണ മള്‍ട്ടി മിക്സ് തളിയ്ക്കുന്നത് മണ്ണിലെ സൂക്ഷ്മ മൂലകങ്ങളുടെ കുറവ് പരിഹരിക്കും. 50 മുതല്‍ 75 ദിവസം വരെ പ്രായമായ നെല്‍ച്ചെടികള്‍ക്ക് ഒരു പ്രാവശ്യമെങ്കിലും ഇവ തളിക്കണമെന്നും സംവാദത്തില്‍ ശാസ്ത്രജ്ഞര്‍ പറഞ്ഞു. 

നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയവയുടെ കൃഷി രീതികള്‍, രോഗങ്ങള്‍, കീടനാശിനി പ്രയോഗം, വള പ്രയോഗം എന്നിങ്ങനെ വിവിധ വിഷയങ്ങളിലെ സംശയങ്ങള്‍ കര്‍ഷകര്‍ ശാസ്ത്രജ്ഞരില്‍ നിന്ന് ചോദിച്ചറിഞ്ഞു. യന്ത്രവത്ക്കരണം, മണ്ണ്, സസ്യ സംരക്ഷണം, സസ്യ പ്രജനനം, വിള പരിപാലനം തുടങ്ങിയ വിഷയങ്ങളിലും കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ച ഇത്തരം മുഖാമുഖം പരിപാടികള്‍ നടത്തും. 

പരിപാടിയില്‍ സസ്യ സംരക്ഷണ വിഭാഗം മേധാവി ഡോ.എം. സുരേന്ദ്രന്‍, ഡോ. ജോബി ബാസ്റ്റിന്‍, ഡോ. നിമ്മി ജോസ്, ഡോ. ബിജു ജോസഫ്, ഡോ. ജ്യോതി സാറ ജേക്കബ്, പി. ഗായത്രി, ഹണി ബാബു, ക്രിസ് ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

date