Skip to main content
കാവല്‍: ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പുകള്‍ക്ക് തുടക്കം

കാവല്‍: ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പുകള്‍ക്ക് തുടക്കം

ആലപ്പുഴ: വനിതകള്‍ക്കായി പ്രത്യേക ക്യാന്‍സര്‍ രോഗനിര്‍ണയ ചികിത്സ പരിപാടിയ്ക്ക് തുടക്കം. ജില്ല പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് 'കാവല്‍' എന്ന പേരില്‍ ജില്ലയിലെ 12 ആരോഗ്യ ബ്ലോക്കുകളിലായി നടത്തുന്ന 24 വനിത ക്യാന്‍സര്‍ രോഗനിര്‍ണയ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിച്ചു. ക്യാന്‍സര്‍ ബോധവത്കരണ കൈപ്പുസ്തകത്തിന്റെ പ്രകാശനവും പ്രസിഡന്റ് നിര്‍വഹിച്ചു. അമ്പലപ്പുഴ യു.എച്ച്.ടി.സി.യില്‍ നടന്ന ചടങ്ങില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ്. ശിവപ്രസാദ് അധ്യക്ഷനായി. ജില്ല പഞ്ചായത്തിന്റെ 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

വനിതകളില്‍ കണ്ടുവരുന്ന സ്തന- ഗര്‍ഭാശയ ക്യാന്‍സര്‍, തൈറോയ്ഡ് ക്യാന്‍സര്‍, വായിലെ ക്യാന്‍സര്‍ എന്നിവയുടെ പരിശോധനയും രോഗ നിര്‍ണയവുമാണ് കാവല്‍ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പുകളിലൂടെ നടത്തുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ രോഗികള്‍ക്ക് അനായാസവും രോഗി സൗഹൃദവുമായ തുടര്‍ ചികിത്സ സംവിധാനങ്ങളും ഉറപ്പാക്കും. 2022-23ല്‍ നടത്തിയ സ്‌ക്രീനിംഗില്‍ നൂറിലധികം പേരില്‍ അര്‍ബുദം രോഗബാധ കണ്ടെത്തിയിരുന്നു.

ചടങ്ങില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ശോഭ ബാലന്‍, ജില്ലാ പഞ്ചായത്തംഗം പി. അഞ്ജു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജയരാജ്, പഞ്ചായത്തംഗം മനോജ് കുമാര്‍, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മിറിയം വര്‍ക്കി, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.ശോഭ, ജില്ല എഡുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ ജി. രജനി, ജില്ലാ ലാബ് ഓഫീസര്‍ സിന്ധു പ്രതാപ്, യു.എച്ച്.ടി.സി. അഡ്മിനിസ്ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനുപമ വിജി തുടങ്ങിയവര്‍ പങ്കെടുത്തു.

date