Skip to main content

സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്ക് തുടക്കം

വളര്‍‌ത്തുനായ്ക്കള്‍ക്കും തെരുവുനായ്ക്കള്‍ക്കും പേവിഷ പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുള്ള സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി. തദ്ദേശ സ്വയം   ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിലാണ് ഒരു മാസം നീണ്ടു നില്‍ക്കുന്ന പദ്ധതി നടപ്പാക്കുന്നത്.  മുന്‍ വര്‍ഷവും  സെപ്തംബര്‍ മാസത്തിലാണ് കുത്തിവെപ്പ് ക്യാമ്പയിന്‍ നടത്തിയത്. ഇതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷവും സംസ്ഥാന വ്യാപകമായി വിപുലമായ മുന്നൊരുക്കങ്ങളുടെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇത്തവണ മിഷന്‍ റാബീസ് എന്ന മൃഗക്ഷേമ സംഘടനയുടെ സാങ്കേതിക സഹകരണവും പദ്ധതിക്കുണ്ട്.   കുത്തിവെപ്പ് നടത്തുന്നതിനാവശ്യമായ വാക്സിനേഷന്‍ സ്‌ക്വാഡുകള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. സ്‌ക്വാഡ് അംഗങ്ങള്‍ക്ക് ആരോഗ്യവകുപ്പില്‍ നിന്നും പേവിഷ പ്രതിരോധ കുത്തിവെപ്പും ലഭ്യമാക്കിയിട്ടുണ്ട്.
നായ്ക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നടത്തുന്നതിനാവശ്യമായ പ്രതിരോധ വാക്‌സിനും അനുബന്ധ സാമഗ്രകളും വകുപ്പ് സജ്ജമാക്കിയിട്ടുണ്ട്. വളര്‍ത്തു നായ്ക്കള്‍ക്ക് പ്രതിരോധകുത്തിവെപ്പിന് ശേഷം വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് മൃഗാശുപത്രിയില്‍ നിന്നും നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍  നായ്ക്കളുടെ ഉടമസ്ഥര്‍ക്ക് അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലൈസന്‍സ് ലഭിക്കും. തെരുവ് നായ്ക്കളില്‍             വാക്‌സിനേഷന്‍ നല്‍കുന്നതിനായി ഡോഗ് ക്യാച്ചര്‍മാരെ കണ്ടെത്തി പരിശീലനം നല്‍കിയിട്ടുണ്ട്. മൃഗക്ഷേമ സംഘടനകളേയും സന്നദ്ധ പ്രവര്‍ത്തകരുടേയും പങ്കാളിത്തം ഉറപ്പ്   വരുത്തിയാണ് ഈ യജ്ഞം നടപ്പിലാക്കുന്നത്.
കുത്തിവെപ്പ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വാക്‌സിനേറ്റര്‍മാര്‍ക്കും ഡോഗ് ക്യാച്ചര്‍മാര്‍ക്കുമുള്ള ഏകദിന പരിശീലനം സെപ്റ്റംബര്‍ ഒമ്പതിന് ആതവനാട് ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ വെച്ച് നടത്തും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍   ഡോ.പി.യു. അബ്ദുള്‍ അസീസ് ഉദ്ഘാടനം നിര്‍വ്വഹിക്കും. ചടങ്ങില്‍ ചീഫ് വെറ്ററിനറി ഓഫീസര്‍    ഡോ.കെ ഷാജി അധ്യക്ഷത വഹിക്കും. ജില്ലാ എപ്പിഡെമിയോളജിസ്റ്റ് ഡോ.സുശാന്ത് വി.എസ് പദ്ധതി വിശദീകരണം നടത്തും. മിഷന്‍ റാബീസ് വിദഗ്ദ സംഘം ബന്ധപ്പെട്ട വാക്‌സിനേറ്റര്‍മാര്‍ക്കും ക്യാച്ചര്‍മാര്‍ക്കും പരിശീലനം നല്‍കും.

date