Skip to main content

ഓണം കഴിഞ്ഞും ചെണ്ടുമല്ലിക്ക് വിപണി കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ

ഓണത്തിന് പൂക്കാൻ വൈകിയ ചെണ്ടുമല്ലി പൂക്കൾക്ക് മറ്റു വിപണികൾ കണ്ടെത്തി കുടുംബശ്രീ പ്രവർത്തകർ. എടവണ്ണയിലെ കുടുംബശ്രീ പ്രവർത്തകരും എടവണ്ണ സർവീസ് സഹകരണ ബാങ്കും കുടുംബശ്രീ മോഡൽ സി.ഡി.എസും സംയുക്തമായി ഒരുക്കിയ പൂകൃഷി  ഓണം കഴിഞ്ഞപ്പോഴാണ് വിളവെടുപ്പിന് പാകമായത്. ഓണ വിപണി ലക്ഷ്യമാക്കിയിറക്കിയ കൃഷി  അൽപമൊന്ന് പാളിയെങ്കിലും നിരാശപ്പെടാൻ കൃഷിയിറക്കിയ ഗീതയും ദീപയും രജനിയും സഹായി ദിവാകരനും തയ്യാറല്ലായിരുന്നു. ദിവസവും പൂക്കൾ ആവശ്യമുള്ള എടവണ്ണയിലേയും സമീപപ്രദേശങ്ങളിലേയും ക്ഷേത്രങ്ങളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്കുള്ള ഓഡറുകൾ ഏറ്റെടുത്താണ് ഇവർ പൂക്കൾക്ക് വിപണി കണ്ടെത്തിയത്.
കൊളപ്പാട് വാർഡ്  കുടുംബശ്രീ എ.ഡി.എസ് അംഗങ്ങളുടെ നേതൃത്വത്തിൽ ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി. അഭിലാഷ് നിർവഹിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുമെന്ന് സി.ഡി.എസ് പ്രസിഡന്റ് കെ.പി അഖില പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നുസ്രത്ത് വലീദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി ബാബുരാജൻ, മെമ്പർമാരായ എം. ജസീൽ, കെ. സാജിത, ജിജിന ഉണ്ണികൃഷ്ണൻ, സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി കെ. അജിത, ഡയറക്ടർ അഫ്‌സത്ത് തുടങ്ങിയവരും മറ്റ് ബാങ്ക് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

date