Skip to main content

ആയഞ്ചേരി പഞ്ചായത്തിലെ കണ്ടെയിൻമെന്റ് സോണുകൾ സന്ദർശിച്ചു

 

നിപ വൈറസ് ബാധയെ തുടർന്ന് കണ്ടെയിൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. 

കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ, പഞ്ചായത്ത് പ്രസിഡൻ്റ് കാട്ടിൽ മൊയ്തു മാസ്റ്റർ, ബ്ലോക്ക് മെമ്പർ സി എച്ച് മൊയ്തു, വാർഡ് മെമ്പർ ടി കെ. ഹാരിസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്.

സമ്പർക്ക സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ട് ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, മരുന്ന് എന്നിവ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചു. പൊതുജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ കേട്ടറിഞ്ഞ സംഘം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചു പരിഹാരമുണ്ടാക്കി.

സമ്പർക്ക സാധ്യതയിൽ കഴിയുന്നവരുടെ രക്തം, കഫം, മൂത്രം എന്നിവ പരിശോധിക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അവശ്യഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ, ട്രോമാ കെയർ വളണ്ടിയർമാർ, ആർ.ആർ.ടി. സന്നദ്ധ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു.

date