Skip to main content

ബാലമിത്ര കാമ്പയിൻ സെപ്റ്റംബർ 20 മുതൽ

കോട്ടയം: കുട്ടികളിലെ കുഷ്ഠരോഗം ആരംഭത്തിൽ കണ്ടെത്താനുള്ള പദ്ധതിയായ 'ബാലമിത്ര' കാമ്പയിൻ സെപ്റ്റംബർ 20 ന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം ഞീഴൂർ എസ്.കെ.പി.എസ.് സ്‌കൂളിൽ രാവിലെ 10ന് അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു  അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ മുഖ്യാതിഥിയാകും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകല ദിലീപ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ. അജയ്‌മോഹൻ, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.

കുട്ടികളിലെ കുഷ്ഠരോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി ചികിത്സ നൽകുകയാണ് ബാലമിത്രയുടെ ലക്ഷ്യം. അങ്കണവാടി, സ്‌കൂൾ തലങ്ങളിലുള്ള രണ്ടു മുതൽ 18 വയസുവരെയുള്ള കുട്ടികൾക്കായാണ് പദ്ധതി നടപ്പാക്കുന്നത്. അങ്കണവാടി പ്രവർത്തകർക്കും അധ്യാപകർക്കും പ്രത്യേക പരിശീലനം നൽകി രോഗനിർണയ പ്രക്രിയയിൽ പങ്കാളിയാക്കും. തൊലിപ്പുറത്തെ സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കൈ കാലുകളിലെ മരവിപ്പ് എന്നിവ പരിശോധിച്ച് കുട്ടികളിലെ രോഗം കണ്ടുപിടിക്കുകയാണ് ലക്ഷ്യം. കുഷ്ഠരോഗം, മറ്റു ത്വക്ക് രോഗങ്ങൾക്കും ചികിത്സ ഉറപ്പുവരുത്തും.

അങ്കണവാടികളിൽ പ്രവർത്തകർ കുട്ടികളുടെ ദേഹപരിശോധന നടത്തി ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകും. സ്‌കൂളുകളിൽ അധ്യാപകർ വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും ദേഹപരിശോധനയ്ക്ക് വേണ്ട മാർഗനിർദേശങ്ങൾ നൽകും. വീടുകളിൽ മാതാപിതാക്കൾ കുട്ടികളെ പരിശോധിച്ച് പാടുകൾ ശ്രദ്ധയിൽ പെട്ടാൽ സ്‌കൂൾ അധികൃതരെ അറിയിക്കണം. ഇതിലൂടെ കുഷ്ഠരോഗം മാത്രമല്ല മറ്റു ത്വക്ക് രോഗങ്ങൾക്കും കൃത്യമായ ചികിത്സ ഉറപ്പുവരുത്താനാകും. കുഷ്ഠരോഗം പൂർണമായും ചികിത്സിച്ച് ഭേദമാക്കാനാവും. സൗജന്യ ചികിത്സ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്.
 

date