Skip to main content

കൊയിലാണ്ടിയിൽ സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്

 

കൊയിലാണ്ടി നഗരസഭയിലെ സമ്പൂർണ കുടിവെള്ള പദ്ധതി യാഥാർഥ്യത്തിലേക്ക്. പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് സാങ്കേതിക അനുമതി ലഭിച്ചതായി കാനത്തിൽ ജമീല എംഎൽഎ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രണ്ടാംഘട്ടമായ വിതരണ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി അനുവദിച്ച 120 കോടി രൂപയുടെ പദ്ധതിക്കാണ് സാങ്കേതിക അനുമതി ലഭിച്ച് ടെണ്ടർ ചെയ്തത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഡിസംബർ മാസത്തോടെ പദ്ധതി ആരംഭിക്കും. 2024 ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു. 
ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി  കിഫ്ബി മുഖേന 85 കോടി രൂപ ചെലവിട്ട് നഗരസഭയിൽ മൂന്ന് ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. നടേരി വലിയ മലയിലും പന്തലായനി കോട്ടക്കുന്നിലും കൊയിലാണ്ടി സിവിൽ സ്റ്റേഷന് സമീപമുള്ള വാട്ടർ അതോറിറ്റി ഓഫീസിന് മുകളിലായുമാണ് വാട്ടർ ടാങ്ക് സ്ഥാപിച്ചത്. വലിയ മലയിലെയും കോട്ടക്കുന്നിലെയും ടാങ്കുകൾ 17 ലക്ഷം ലിറ്റർ വെള്ളം ഉൾക്കൊള്ളാൻ ശേഷിയുള്ളതും വാട്ടർ അതോറിറ്റി ഓഫീസിലേത് 23 ലക്ഷം ലിറ്റർ  വെള്ളം ഉൾക്കൊള്ളാവുന്നതുമാണ്. പെരുവണ്ണാമൂഴിയിൽ നിന്നും ശുദ്ധജലം ടാങ്കുകളിൽ  എത്തിക്കാനുള്ള പ്രധാന പൈപ്പ്‌ലൈൻ സ്ഥാപിക്കലും ഇതിനോടകം പൂർത്തിയായി.
വീടുകളിലേക്ക് ശുദ്ധജലം എത്തിക്കുന്നതിനുള്ള വിതരണ ശൃംഖലയും ചെറു സ്റ്റോർ ടാങ്കുകളും ഉൾപ്പെടുന്നതാണ് രണ്ടാം ഘട്ട പ്രൊജക്ട്. നഗരസഭാ പരിധിയിൽ 20000 വീടുകളിൽ ജലവിതരണം ലക്ഷ്യമിടുന്നു. അമൃത് പദ്ധതിയ്ക്ക് കീഴിൽ 20 കോടി രൂപയും ഇതിന് അനുവദിച്ചിട്ടുണ്ട്. 15000 ഗാർഹിക കണക്ഷനുകൾ നൽകാൻ ഈ തുക ഉപയോഗപ്പെടുത്തും. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന 5000 ഗാർഹിക കണക്ഷനുകൾ കിഫ്ബി പദ്ധതിക്ക് കീഴിൽ ഉൾപ്പെടുത്തി പൂർത്തീകരിക്കും. പൈപ് ലൈൻ സ്ഥാപിക്കുന്നതിന്റെ  ഭാഗമായുളള റോഡ് പൂർത്തീകരണത്തിനുള തുകയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിന്റെ ഭാഗമായി മൂന്നു സോണുകളായാണ് വിതരണ ശൃംഖല സ്ഥാപിക്കുന്നത്. ഒന്നാമത്തെ സോണായ വലിയമലയിൽ നിന്ന് 146.87 കിലോമീറ്റർ വിതരണ ശൃംഖലയാണ് സ്ഥാപിക്കുന്നത്. രണ്ടാമത്തെ സോൺ ആയ കൊയിലാണ്ടി ടൗണും തീരദേശവുമടങ്ങുന്ന പ്രദേശത്ത് 97.66 കിലോമീറ്ററും മൂന്നാമത്തെ സോണായ കോട്ടക്കുന്നിൽ നിന്നും 117.61 കിലോമീറ്റർ വിതരണ ശൃംഖലയും സ്ഥാപിക്കും . 
പദ്ധതി പൂർത്തിയാകുന്നതോടെ കൊയിലാണ്ടി നഗരസഭയിലെ കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്ന് ചെയർപേഴ്‌സൻ സുധ കിഴക്കെപ്പാട്ട് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ ഷിജു, ഇ.കെ അജിത് എന്നിവർ പങ്കെടുത്തു

date