Skip to main content

സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താവാന്‍ കരുവാറ്റ

ആലപ്പുഴ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്താവാനൊരുങ്ങി കരുവാറ്റ ഗ്രാമപഞ്ചായത്ത്. കേരളപ്പിറവി ദിനത്തിലാണ് പ്രഖ്യാപനം.

പ്രഖ്യാപനത്തിന് മുന്നോടിയായി പഞ്ചായത്തിലെ 15 വാര്‍ഡുകളും സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള ഊര്‍ജിത കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കി. ശുചിത്വ -മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെ ജനകീയ ഉത്സവമാക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ 2ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും പ്രമുഖ വ്യക്തികളെ പങ്കെടുപ്പിച്ച് ശുചിത്വ ഗ്രാമസഭകള്‍ സംഘടിപ്പിക്കും. പൊതുജനങ്ങളുമായി സംവാദം, വിദ്യാര്‍ഥികള്‍ക്കായി ക്വിസ്, പ്രസംഗം, ഉപന്യാസം തുടങ്ങിയ മത്സരങ്ങളും സംഘടിപ്പിക്കും. മികച്ച ശുചിത്വ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വാര്‍ഡുകള്‍, വിദ്യാലയങ്ങള്‍, സ്ഥാപനങ്ങള്‍, വിദ്യാര്‍ഥികള്‍, ഹരിത കര്‍മ സേനാംഗങ്ങള്‍ എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കും. ഷോര്‍ട്ട് ഫിലിം നിര്‍മിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കും. കലാജാഥ, സൈക്കിള്‍ റാലി എന്നിവയും സംഘടിപ്പിക്കും. 

സമ്പൂര്‍ണ്ണ ശുചിത്വ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിത കര്‍മ്മ സേന- ആശ വര്‍ക്കര്‍മാര്‍, അങ്കണവാടി ജീവനക്കാര്‍, വാര്‍ഡ് ആരോഗ്യ ജാഗ്രത സമിതി, കുടുംബശ്രീ, സ്‌കൂള്‍ പ്രഥമാധ്യാപകര്‍, സാമൂഹ്യ- സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്ത ശില്‍പശാലയും സംഘടിപ്പിച്ചു. ഹരിത കര്‍മ്മ സേനയുടെ വാതില്‍പ്പടി സേവനത്തിനുള്ള യൂസര്‍ ഫീ കളക്ഷന്‍ നൂറു ശതമാനമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പറഞ്ഞു.

date