Skip to main content

കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനം:  ബാലമിത്ര 2.0 തുടങ്ങുന്നു

ആലപ്പുഴ: കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന്റെ ഭാഗമായി 2 മുതല്‍ 18 വയസ്സ് വരെയുള്ള കുട്ടികളില്‍ രോഗനിര്‍ണയം നടത്തുന്നതിനായി ജില്ലയില്‍ ബാലമിത്ര 2.0 കാമ്പയിന്‍ നടത്തുന്നു. സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 30 വരെയാണ് കാമ്പയിന്‍. കുഷ്ഠരോഗ നിര്‍മാര്‍ജന രംഗത്ത് സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നതിനാണ് ബാലമിത്ര എന്ന പേരില്‍ കുട്ടികളില്‍ കുഷ്ഠരോഗ നിര്‍ണയം  നടത്തുന്നത്. കുട്ടികളിലെ കുഷ്ഠരോഗബാധ പ്രാരംഭത്തിലെ കണ്ടു പിടിച്ച് ചികിത്സ ലഭ്യമാക്കുക, കുഷ്ഠരോഗം മൂലം കുട്ടികള്‍ക്ക് വൈകല്യം സംഭവിക്കുന്നത് തടയുക എന്നിവയാണ് ലക്ഷ്യം.

വായുവിലൂടെ പകരുന്ന പകര്‍ച്ചവ്യാധിയാണ് കുഷ്ഠം. ചികിത്സയ്ക്ക് വിധേയമാക്കാത്ത രോഗി ചുമക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന രോഗാണുക്കള്‍ വഴിയ രോഗം പകരും. ചര്‍മത്തില്‍ ഉണ്ടാകുന്ന നിറം മങ്ങിയതോ ചുവന്ന് തടിച്ചതോ സ്പര്‍ശന ശേഷി കുറഞ്ഞതോ ആയ പാടുകളാണ് പ്രധാന രോഗലക്ഷണം.

ബാലമിത്രയുടെ ജില്ലാതല ഉദ്ഘാടനം 20ന് രാവിലെ 10.30ന് ആലപ്പുഴ ഗവണ്‍മെന്റ് മുഹമ്മദന്‍സ് എല്‍.പി. സ്‌കൂളില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിര്‍വഹിക്കും. കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

date