Skip to main content

അരീക്കര പുതുവേലി വലിയതോട്; മാതൃകാ പദ്ധതിയുമായി വെളിയന്നൂർ

കോട്ടയം: വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ അരീക്കര പുതുവേലി വലിയതോട് നവീകരണത്തിന് മാതൃകാ പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം ചെലവഴിച്ചാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. തോട് നവീകരിച്ച് നീരൊഴുക്ക് സുഗമമാക്കാനും പ്രളയ സാധ്യത തടയാനുമുള്ള പദ്ധതി ഡിസംബറിൽ ആരംഭിക്കും. എട്ടു കിലോമീറ്റർ നീളമുള്ള വലിയതോട് ആഴം കൂട്ടി മാലിന്യങ്ങൾ നീക്കം ചെയ്ത് തോടിന്റെ സ്വാഭാവിക നീരൊഴുക്ക് വീണ്ടെടുക്കാനും ജൈവവൈവിധ്യവും നിലനിർത്താനും പദ്ധതി വിഭാവനം ചെയ്യുന്നു. കാർഷിക മേഖലയിലും കുടിവെള്ള ലഭ്യതയിലും പഞ്ചായത്തിന് വലിയ സംഭാവന നൽകാൻ സാധിക്കുന്ന പദ്ധതിയാണിത്. തോടിന്റെ കരസംരക്ഷണത്തിനായി ഇരു കരകളിലും ഇല്ലി, മുള തൈകളും ടൈഗർ ഗ്രാസ് ഇനത്തിൽ പെട്ട നാര്, വേര് പടലമുള്ള പ്രത്യേക ഇനത്തിൽ പെട്ട പുല്ലും വച്ചുപിടിപ്പിക്കും. ഇതിനാവശ്യമായ തൈകൾ തൊഴിലുറപ്പ് പദ്ധതി നഴ്സറികളിൽ തയാറായിട്ടുണ്ട്. പഞ്ചായത്തിലെ പകുതിയിലേറെ വാർഡുകളിലെയും കാർഷിക ആവശ്യങ്ങൾക്ക് ജലം ലഭ്യമാക്കുന്നതിന് പദ്ധതിയിലൂടെ സാധിക്കുമെന്ന് പ്രസിഡന്റ് സജേഷ് ശശി പറഞ്ഞു. നിലവിൽ ജലസേചന വകുപ്പുമായി ചേർന്ന് എട്ടു കോടി രൂപ ചെലവിൽ ചെക്ക് ഡാമുകളുടെ നിർമാണം മേഖലയിൽ പുരോഗമിക്കുകയാണ്.

 

date