Skip to main content

ഡിസംബർ 14 വരെ ആധാർ സൗജന്യമായി പുതുക്കാം

പത്ത് വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈൻവഴി സൗജന്യമായി പുതുക്കാൻ ഡിസംബർ 14 വരെ അവസരം.ഇതുവരെ അപ്ഡേഷൻ ഒന്നും ചെയ്തിട്ടില്ലാത്ത കാർഡുകൾ പുതുക്കാൻ തിരിച്ചറിയൽ രേഖകൾ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റിൽ സൗജന്യമായി അപ് ലോഡ് ചെയ്യാം.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്കു മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാകൂ. അക്ഷയ - ആധാർ കേന്ദ്രങ്ങൾ വഴി ഈ സേവനം ചെയ്യുന്നതിന് 50 രൂപ ഫീസ് നൽകണം.

ആധാർ പുതുക്കലുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിന് എഡിഎം ടി മുരളിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.വനമേഖലയിൽ ജനങ്ങൾക്ക് ആധാർ എടുക്കുന്നതിനായി ക്യാമ്പ് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു. സ്കൂൾ കോളേജ് തലത്തിൽ നിർബന്ധിത ബയോമെട്രിക്സ് അപ്ടേറ്റ് ചെയ്യുന്നതിനും ക്യാമ്പ് സംഘടിപ്പിക്കും. ജില്ലാ കലക്ട്രേറ്റിലെ ഓഫീസുകൾ  കേന്ദ്രീകരിച്ച് ആധാർ പുതുക്കുന്നതിന് സൗകര്യം ഒരുക്കുമെന്നും എഡിഎം അറിയിച്ചു.

ആധാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാൻ ആധാറിൽ മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നിർബന്ധമായും നൽകണമെന്ന് സംസ്ഥാന ഐ.ടി. മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു. ഈ സേവനങ്ങൾക്കും അക്ഷയ - ആധാർ കേന്ദ്രങ്ങളെ സമീപിക്കാം. രജിസ്ട്രേഷൻ സമയത്ത് മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ നൽകാതിരുന്നവർക്കും പിന്നീട് മാറിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 

നിലവിൽ നവജാത ശിശുക്കൾക്കുൾപ്പെടെ ആധാറിന് എൻറോൾ ചെയ്യാം. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ എൻറോൾമെന്റിന് ബയോമെട്രിക്സ് വിവരങ്ങൾ ശേഖരിക്കേണ്ടതില്ല. എന്നാൽ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിലൊരാളുടെ ആധാറും ഹാജരാക്കണം.

കുട്ടികളുടെ ആധാർ ബയോമെട്രിക്സ് അഞ്ച്, 15 വയസ്സുകളിൽ നിർബന്ധമായും  പുതുക്കണം. അഞ്ചു വയസുകാർക്ക് ഏഴ് വയസു വരേയും 15 വയസ് പ്രായമുള്ളവർക്ക് 17 വയസ് വരേയും പുതുക്കൽ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ള എൻറോൾമെൻ്റിന് 100 രൂപ ഫീസ് നൽകണം.

date