യുവാക്കളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും: യുവജന കമ്മീഷന്‍ ചെയര്‍മാന്‍
യുവാക്കളെ ശാക്തീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുവജന കമ്മീഷന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമെന്ന് യുവജന കമ്മീഷന്‍ ചെയര്‍മാന്‍ എം ഷാജര്‍ പറഞ്ഞു. പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച യുവജന കമ്മീഷന്‍ ജില്ലാതല ജാഗ്രതാ സഭാ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. യുവാക്കളെ ബാധിക്കുന്ന സാമൂഹിക വിപത്തുകള്‍ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന കമ്മീഷന് യുവജനങ്ങളുടെ പിന്തുണ അത്യന്താപേക്ഷിതമാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും ഉറപ്പാക്കുന്ന നടപടിക്രമങ്ങള്‍ ആവിഷ്‌കരിക്കുക, ലഹരിയില്‍ നിന്നും യുവതയെ സംരക്ഷിക്കുക, യുവജനങ്ങളെ ബാധിക്കുന്ന വിഷയങ്ങള്‍ക്കെതിരായി കര്‍മ്മപദ്ധതികള്‍ ആസൂത്രണം ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന യുവജന കമ്മീഷന്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നു. ഇതിന് മുന്നോടിയായി കേരളത്തിലെ വിദ്യാര്‍ത്ഥി- യുവജന സംഘടനാ പ്രതിനിധികള്‍, സര്‍വ്വകലാശാല, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍.സി.സി പ്രതിനിധികളെ ഉള്‍പ്പെടുത്തി ജില്ലാതലത്തില്‍ ജാഗ്രതാസഭ രൂപീകരിച്ചു. കമ്മീഷന്‍ അംഗം പി എ സമദ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കമ്മീഷന്‍ അംഗമായ റെനീഷ് മാത്യു, കമ്മീഷന്‍ സെക്രട്ടറി ഡാര്‍ളി ജോസഫ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. വിനിത വിന്‍സെന്റ്, അസിസ്റ്റന്റ് പി.അഭിഷേക്, ജില്ലാ കോഓര്‍ഡിനേറ്റര്‍ വിഷ്ണു വിക്രമന്‍, വിവിധ കോളേജ് വിദ്യാര്‍ത്ഥി പ്രതിനിധികള്‍, യുവജന സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments