Skip to main content

പട്ടാമ്പി താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു റോഡില്‍ അലക്ഷ്യമായി നിര്‍ത്തുന്ന ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കും

ബസ് സ്റ്റോപ്പുകളിലും റോഡിലും അലക്ഷ്യമായി നിര്‍ത്തുന്ന ബസുകള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പട്ടാമ്പി ജോയിന്റ് ആര്‍.ടി.ഒ. പട്ടാമ്പി താലൂക്ക് വികസന സമിതി യോഗത്തില്‍ അറിയിച്ചു. തിരുവേഗപ്പുറ-പട്ടാമ്പി റോഡില്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത രീതിയില്‍ ബസ് സ്റ്റോപ്പുകളിലും റോഡിന് നടുവിലുമായാണ് പല ബസുകളും നിര്‍ത്തുന്നതെന്നും ഇത്തരത്തില്‍ ഗതാഗത തടസം ഉണ്ടാക്കുന്നതിനെതിരെ നടപടിയെടുക്കണമെന്നും തിരുവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദ് അലി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജോയിന്റ് ആര്‍.ടി.ഒ ഇക്കാര്യം അറിയിച്ചത്.
ഇരുമ്പകശ്ശേരിയിലെ അപകടകരമായ മരം മുറിച്ച് മാറ്റിയിട്ടുണ്ടെന്നും പരുതൂര്‍ അഞ്ചുമൂല റോഡിന്റെ പ്രവൃത്തി പുരോഗമിക്കുന്നുണ്ടെന്നും പൊതുമരാമത്ത് വകുപ്പ് പ്രതിനിധി യോഗത്തില്‍ അറിയിച്ചു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ടുള്ള തുക പട്ടാമ്പി ബ്ലോക്കിലെ ഏകദേശം എല്ലാവരുടേയും അക്കൗണ്ടുകളിലേക്ക് നല്‍കിയിട്ടുണ്ടെന്ന് വകുപ്പ് പ്രതിനിധി യോഗത്തില്‍ വ്യക്തമാക്കി. പട്ടാമ്പി താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അധ്യക്ഷയായി. പട്ടാമ്പി തഹസില്‍ദാര്‍ ടി.പി കിഷോര്‍, മറ്റ് ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date