Skip to main content

വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകൾ  ഒഴിവാക്കി; ഫറോക്കിൽ ഇളവുകൾ 

 

വടകര താലൂക്കിലെ ഒൻപത്  ഗ്രാമ പഞ്ചായത്തുകളിലെ എല്ലാ വാർഡുകളെയും കണ്ടെയിൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ എ. ഗീത ഉത്തരവിറക്കി. കണ്ടെൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ ഏഴ് വാർഡുകളിലും കൂടുതൽ ഇളവുകൾ നൽകി. 
നിപ ബാധിച്ച് മരണപ്പെട്ടവരുമായും പോസിറ്റീവ് ആയവരുമായും സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്തുകയും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വടകര താലൂക്കിലെ കണ്ടെയിൻമെന്റ് സോണുകൾ  ഒഴിവാക്കിയത്.
ഇവിടെ പോസിറ്റീവ് ആയവരുമായി സമ്പർക്കമുണ്ടായതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശം ലഭിക്കുന്നതുവരെ ക്വാറന്റൈനിൽ തുടരണം.  
നിപ ജാഗ്രതയുമായി ബന്ധപ്പെട്ട് പൊതുവായി ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും തുടരണമെന്നും നിർദ്ദേശമുണ്ട്. എല്ലാവരും മാസ്കും സാനിറ്റെസറും നിർബന്ധമായും ഉപയോഗിക്കേണ്ടതും സാമൂഹിക അകലം പാലിക്കേണ്ടതുമാണ്.

കണ്ടെൻമെൻറ് സോണിൽ ഉൾപ്പെടുത്തിയ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലും കോഴിക്കോട് കോർപറേഷനിലെ 43, 44, 45, 46, 47, 48, 51 വാർഡുകളിലും കൂടുതൽ ഇളവുകൾ നൽകി. 
കണ്ടെയിൻമെന്റ് സോണിലെ എല്ലാ കട കമ്പോളങ്ങളും രാത്രി എട്ട് മണി വരെ പ്രവർത്തിപ്പിക്കാം. കണ്ടെയിൻമെന്റ് സോണിലെ എല്ലാ ബാങ്കുകളും ട്രഷറിയും ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവർത്തിക്കാവുന്നതാണ്.

മറ്റ് നിയന്ത്രണങ്ങൾ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ തുടരും. അതേസമയം സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ആളുകളും നിരീക്ഷണത്തിലുള്ള ആളുകളും കർശനമായ നിയന്ത്രണങ്ങൾ പാലിക്കേണ്ടതും ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്ന കാലയളവ് വരെ ക്വാറന്റൈനിൽ കഴിയുകയും വേണം.

date