Skip to main content
മുഖം മിനുക്കിയ കിഴക്കുമാലി കുളം ഉദ്ഘാടന സജ്ജമായി

മുഖം മിനുക്കിയ കിഴക്കുമാലി കുളം ഉദ്ഘാടന സജ്ജമായി

ഉദ്ഘാടനം ഇന്ന് (സെപ്തംബർ 24 ന് ) സനീഷ് കുമാർ ജോസഫ് എം.എൽ.എ നിർവഹിക്കും

ചാലക്കുടിയിലെ പൊതുജനങ്ങൾ സൗജന്യമായ് നഗരസഭക്ക് വിട്ടു കൊടുത്ത ഭൂമിയിൽ നിർമ്മിച്ച കിഴക്കുമാലികുളം ഉദ്ഘാടന സജ്ജമായി. നിർമ്മാണം പൂർത്തീകരിച്ചതോടെ, സുന്ദരമായ ഒരു ജലസ്രോതസ് കൂടി ചാലക്കുടി നഗരസഭയിൽ യാഥാർത്ഥ്യമാവുകയാണ്. 

2016 ലാണ്  സ്ഥലം സൗജന്യമായ് ലഭ്യമാക്കിയത്. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. സൈഡ് ഭിത്തികൾ കരിങ്കല്ല് കൊണ്ട് കെട്ടിക്കുകയും കുളത്തിലേക്കിറങ്ങാൻ റാമ്പും നിർമ്മിച്ചു. കഴിഞ്ഞ വർഷത്തെ പദ്ധതിയിൽ,കുളത്തിന് ചുറ്റും ടൈൽ വിരിച്ച് നടപ്പാതയും, സംരക്ഷണ വേലിയും സ്ഥാപിച്ചു. നടപ്പാതക്ക് പുറത്ത് ചുറ്റുമതിൽ സംരക്ഷണവും നിർമ്മിച്ചു. പൊതു ജനങ്ങൾക്ക് വിശ്രമിക്കാൻ ബെഞ്ചുകളും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

30-ാം വാർഡിൽ പാസ്ക്കൽ റോഡിന് സമീപം സൗജന്യമായ്  വിട്ട് കിട്ടിയ സ്ഥലത്ത് കുളം കുഴിച്ചത് നാട്ടുക്കാരുടെ സഹകരണത്തോടെയാണ്. മൽപ്പാൻ റൈജു, ഷൈജു, ബൈജു എന്നിവർ 30 സെന്റും, കല്ലിങ്ങൽ അന്നം കൊച്ചപ്പൻ, ത്രേസ്യാമ തോമാസ് 10 സെന്റും ഭൂമിയാണ് കുളത്തിനായ് സൗജന്യമായ് നൽകിയത്.

നഗരസഭ ഇതിനകം 80 ലക്ഷം രൂപയോളം ചെലവിലാണ് കുളത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. വേനൽ കാലത്ത് ഈ പ്രദേശത്തെ കുടിവെള്ളത്തിന് ഉപയോഗപ്രദമാകുന്ന ഒരു ജല സ്രോതസ്സായ് കിഴക്കുമാലികുളം.

സനീഷ് കുമാർ ജോസഫ് എം.എൽ.എ സെപ്തംബർ 24 ന് (ഇന്ന് ) വൈകീട്ട് 4.30 ന്  ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിക്കും. ചെയർമാൻ എബി ജോർജ്ജ് അദ്ധ്യക്ഷത വഹിക്കും. വൈസ് ചെയർ പേഴ്സൻ ആലീസ് ഷിബു, വാർഡ് കൗൺസിലർ റോസി ലാസർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും.

date