Skip to main content

എലിപ്പനിക്കെതിരെ മുന്‍ കരുതല്‍വേണം: ഡി.എം.ഒ

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എലിപ്പനികേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു.
ലെപ്റ്റോസ്പൈറ വിഭാഗത്തില്‍പെട്ട ബാക്ടീരിയ വഴിയാണ് എലിപ്പനി ഉണ്ടാകന്നത്. കാര്‍ന്നുതിന്നുന്ന ജീവികളായ എലി, അണ്ണാന്‍ എന്നിവയും കന്നുകാലികളും മറ്റ് മൃഗങ്ങളും ഇതിന്റെ രോഗവാഹകരാണ്. ഈ ജീവികളുടെ മൂത്രമോ അത് കലര്‍ന്ന മണ്ണോ ,വെള്ളമോ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നത് . ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, കന്നുകാലി പരിചരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവര്‍, കര്‍ഷകര്‍, മലിനജല സമ്പര്‍ക്കത്തില്‍  ഏര്‍പ്പെടുന്നവര്‍, വിനോദത്തിനായി മലിനമായ തോടുകളിലും ജലാശയങ്ങളിലും മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ തുടങ്ങിയവരില്‍ രോഗ സാധ്യത കൂടുതലാണ്. മലിനജലത്തില്‍ നിന്നും ശരീരത്തിലെ ചെറിയ മുറിവുകളില്‍ കുടിയോ, കണ്ണ്, മൂക്ക്, വായ എന്നിവ വഴിയോ രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങളായ കയ്യുറ, കാലുറകള്‍ എന്നിവ ഉപയോഗിക്കണം. കൂടാതെ ശരീര ഭാഗങ്ങളില്‍ മുറിവുകളുണ്ടെങ്കില്‍ മലിനമായ വെള്ളവുമായോ മണ്ണുമായോ സമ്പര്‍ക്കമുണ്ടാകാതെ നോക്കണം.
പനി, പേശിവേദന, തലവേദന, വയറുവേദന, ഛര്‍ദ്ദി, ഓക്കാനം, കണ്ണിന് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങള്‍ .തുടക്കത്തിലേ രോഗ നിര്‍ണയം നടത്താതിരുന്നാല്‍ രോഗം മൂര്‍ച്ഛിച്ച് കരള്‍, വൃക്ക, ശ്വാസകോശം, ഹൃദയം തുടങ്ങി എല്ലാ അവയവങ്ങളേയും ബാധിക്കും. ഇവയെല്ലാം മരണ കാരണമായേക്കാം. എലിപ്പനിക്കെതിരെയുള്ള മുന്‍കരുതല്‍ മരുന്നും ചികിത്സയും എല്ലാ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ എത്തുന്നവര്‍ തങ്ങളുടെ തൊഴില്‍ പശ്ചാത്തലം ഡോക്ടറോട് പറയുന്നത് രോഗനിര്‍ണയം എളുപ്പമാക്കും. രോഗം വരാന്‍ സാധ്യതയുള്ള വ്യക്തികള്‍ ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഗുളിക ( 100 മില്ലി ഗ്രാമിന്റെ രണ്ടെണ്ണം) ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുക. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭ്യമാണെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു
 
പ്രതിരോധമാര്‍ഗങ്ങള്‍

പനി, തലവേദന, ശരീരവേദന എന്നിവ ഉണ്ടായാല്‍ സ്വയം ചികിത്സ ഒഴിവാക്കി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുക.
ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കുക.
ശരീരത്തില്‍ മുറിവുള്ളപ്പോള്‍ മലിന ജലത്തില്‍ ഇറങ്ങാതിരിക്കുക.
ആഹാരവും കുടിവെള്ളവും എലി മൂത്രം വഴി മലിനീകരിക്കപ്പെടാതെ മൂടിവെക്കുക.
ഭക്ഷണാവശിഷ്ടങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കുക.
കാലിത്തൊഴുത്തിലെ മാലിന്യങ്ങള്‍ ശരിയായ രീതിയില്‍സംസ്‌കരിക്കുക.
വീടും പരിസരവും വെള്ളം കെട്ടിനില്‍ക്കാതെ വൃത്തിയായി സൂക്ഷിക്കുക.

date