Skip to main content
കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പുതുതായി നിർമ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ ഗ്രൗണ്ടിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു

സിന്തറ്റിക് ട്രാക്കും ഫുട്ബോൾ സ്റ്റേഡിയവും തുറന്നു യുവ തലമുറയെ കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി ഉപയോഗത്തിൽ നിന്നും അകറ്റണം: മുഖ്യമന്ത്രി

കായിക മേഖലയിലേക്ക് ആകർഷിച്ച് ലഹരി മരുന്ന് ഉപയോഗത്തിൽ നിന്നും യുവ തലമുറയെ അകറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക മേഖലക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. 1000 കേന്ദ്രങ്ങളിലായി അഞ്ച് ലക്ഷം കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകും. അഞ്ച് ഘട്ടങ്ങളിലായാണ് പരിശീലനം നൽകുക. മൂന്ന് ഫുട്ബോൾ അക്കാദമി സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. പഞ്ചായത്തുകളിലെ ഓരോ വാർഡിലും കളിക്കളം ഒരുക്കും. മുഖ്യമന്ത്രി പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ സവിശേഷമായാണ് കാണുന്നത്. കഴിഞ്ഞ ഏഴ് വർഷം കൊണ്ട് മെഡിക്കൽ കോളേജിനെ ശാക്തീകരിക്കാനും സംരക്ഷിക്കാനും ഒട്ടേറെ പദ്ധതികൾ നടപ്പാക്കി. ഇനിയും അത് തുടരും. അദ്ദേഹം പറഞ്ഞു.
ഖേലോ ഇന്ത്യ പദ്ധതിയിൽ ഉൾപ്പെടുത്തി വടക്കേ മലബാറിൽ നിർമിക്കുന്ന ലോക നിലവാരത്തിലുള്ള ആദ്യത്തെ
സിന്തറ്റിക്ക് ട്രാക്കാണിത്. ഇതിനായി ഏഴ്കോടി രൂപ അനുവദിച്ചിരുന്നു. ഐ എ എ എഫ് സ്റ്റാൻഡേർഡ് എട്ട് ലൈൻ സിന്തറ്റിക്ക് ട്രാക്ക് ജമ്പിംഗ് പിറ്റ്, ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്, കാണികൾക്കായുള്ള പവലിയൻ, കായിക താരങ്ങൾക്ക് വസ്ത്രം മാറാനുള്ള മുറി, ശുചിമുറി തുടങ്ങിയവയാണ് ഇവിടെയുള്ളത്. എം എൽ എ ഫണ്ടിൽ നിന്നുള്ള 60 ലക്ഷം രൂപ ഉപയോഗിച്ചാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ പുൽമൈതാനം സജ്ജമാക്കിയത്. സ്പോർട്സ് കേരള ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ന്യൂഡൽഹി സിൻകോട്ട് ഇന്റർനാഷണലാണ് ട്രാക്കിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.ഇതോടെ ജില്ലയിലെ സിന്തറ്റിക് ട്രാക്കുകളുടെ എണ്ണം നാലായി.
എം വിജിൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, കലക്ടർ എസ് ചന്ദ്രശേഖർ, മുൻ എം എൽ എ ടി വി രാജേഷ്, തിരുവനന്തപുരം സായ് പ്രിൻസിപ്പൽ ഡോ. ജി കിഷോർ എന്നിവർ വിശിഷ്ടാതിഥികളായി. കായിക വകുപ്പ് ചീഫ് എഞ്ചിനീയർ പി കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മെഡിക്കൽ കോളേജ് മുൻ ചെയർമാൻ എം വി ജയരാജൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് കെ കെ പവിത്രൻ, ജില്ലാ പഞ്ചായത്ത് അംഗം ടി തമ്പാൻ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി ഐ വത്സല ടീച്ചർ, വാർഡ് അംഗം വി എ കോമളവല്ലി, കായിക വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി ആർ ജയചന്ദ്രൻ, സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സി. എഞ്ചിനീയർ എ പി എം മുഹമ്മദ് അഷറഫ്, പ്രിൻസിപ്പൽ ഡോ. ടി കെ പ്രേമലത, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

date