Skip to main content
സംസ്ഥാന സർക്കാരിന്റെ സൗജന്യ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോണിന്റെ വൈക്കം ബ്ലോക്കുതല ആദ്യ കണക്ഷൻ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ. രഞ്ജിത്ത് ഉദയനാപുരം ഗ്രാമപഞ്ചായത്ത് ഇരുമ്പുഴിക്കര സ്വദേശിയായ പ്ലസ്ടു വിദ്യാർഥി പി.എസ്. സനിഗയ്ക്കു മോഡം കൈമാറി നിർവഹിക്കുന്നു.

സനിഗയുടെ പഠനത്തിന് കെ-ഫോൺ കരുത്തേകും

കോട്ടയം: പ്ലസ്ടു വിദ്യാർഥിയായ പി.എസ്. സനിഗയുടെ പഠനത്തിന് ഇനി കെ-ഫോൺ കരുത്തേകും.  സംസ്ഥാന സർക്കാരിന്റെ സൗജന്യ അതിവേഗ ഇന്റർനെറ്റ് പദ്ധതിയായ കെ-ഫോണിന്റെ വൈക്കം ബ്ലോക്ക് തലത്തിലുള്ള ആദ്യ കണക്ഷൻ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഉദയനാപുരം ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഇരുമ്പുഴിക്കര പടിഞ്ഞാറേപൊക്കനാഴത്ത് വീട്ടിൽ പി.എസ്. സനിഗ. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് സനിഗയുടെ വീട്ടിലെത്തി കണക്ഷൻ കൈമാറി. എല്ലാ വീടുകളിലും സൗജന്യ അതിവേഗ ഇന്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച കെ-ഫോൺ പദ്ധതിയുടെ കണക്ഷനുകൾ ബ്ലോക്ക് പഞ്ചായത്തുതലത്തിൽ സ്‌കൂൾ വിദ്യാർഥികൾക്ക് പ്രഥമ പരിഗണന നൽകിയാണ് മുന്നോട്ടുപോകുന്നത്. ബ്ലോക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള എസ്.സി, എസ്.ടി. വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ആദ്യഘട്ടത്തിൽ കണക്ഷനുകൾ കൈമാറും. പാഠ്യസംബന്ധമായ വിഷയങ്ങൾ സെർച്ച് ചെയ്ത് കണ്ടെത്തി വിഷയങ്ങളിൽ കൂടുതൽ അറിവുനേടാനാകുമെന്നും ഇതിന് ഇന്റർനെറ്റ് സേവനം സഹായിക്കുമെന്നും സനിഗ പറഞ്ഞു. വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു സയൻസ് വിദ്യാർഥിയാണ് സനിഗ.ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, ഗ്രാമപഞ്ചായത്തംഗം ജിനു ബാബു എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 

date