Skip to main content
മുണ്ടക്കയത്ത് പ്രവർത്തിക്കുന്ന സുരഭി എപ്പികൾച്ചർ യൂണിറ്റിലെ വനിതകൾ തേൻ സംസ്‌ക്കരണത്തിൽ.

തേൻ സംസ്‌ക്കരണ യൂണിറ്റിലൂടെ വിജയം കൊയ്ത് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്

കോട്ടയം: വീടുകളിലും സ്ഥാപനങ്ങളിലും സ്ഥാപിച്ച പെട്ടികളിലൂടെ ലഭിക്കുന്ന തേൻ സംസ്‌ക്കരിച്ച് വിപണിയിലെത്തിച്ച് വിജയം കൊയ്യുകയാണ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മുണ്ടക്കയം ഗ്രാമപഞ്ചായത്തിലെ സുരഭി എപ്പികൾച്ചർ യൂണിറ്റിലെ വനിതകളുടെ നേതൃത്വത്തിലാണ് സംസ്‌ക്കരണ യൂണിറ്റ് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ വരിക്കാനി ജംങ്ഷനിലാണ് സംസ്‌കരണ യൂണിറ്റ്. വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്ന തേനിലെ ജലാംശം കളഞ്ഞ് സംസ്‌ക്കരിക്കുകയാണ് ചെയ്യുക. ഒരു ലിറ്റർ തേൻ സംസ്‌ക്കരിക്കാൻ 20 രൂപയാണ് ഈടാക്കുന്നത്.

ഇതു കൂടാതെ നൂറോളം പെട്ടികൾ ഇവരുടെ യൂണിറ്റിന് ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ട്. അതിൽ നിന്ന് ലഭിക്കുന്ന തേനും പുറത്തുനിന്ന് വിൽപ്പനയ്ക്കെത്തിക്കുന്നവയെല്ലാം ചേർത്ത് സുരഭി എന്ന പേരിൽ വൻ തേൻ വിൽക്കുന്നുണ്ട്. ഒരു ലിറ്ററിന് 350 രൂപയാണ് വില. അൻസിയ ഷറഫ്, കെ.എ. ഷാനിമോൾ, റോസിന ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിലാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ഒന്നര ലക്ഷം രൂപ ലഭിച്ചു. തേനിനു പുറമെ തേനിൽ നിന്നുള്ള മൂല്യവർധിത ഉത്പന്നങ്ങളായ തേൻ നെല്ലിക്ക, ഇഞ്ചി തേൻ എന്നിവയും ഇവിടെ ഉത്പ്പാദിപ്പിക്കുന്നുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷം ബ്ലോക്ക്  പഞ്ചായത്തിലെ വ്യവസായ വികസന ഓഫീസിന്റെ നേതൃത്വത്തിൽ നടത്തുന്ന ർതേൻ മധുരം' പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചു പഞ്ചായത്തുകളിലെ ഓരോ ഗ്രൂപ്പുകൾക്ക് ഒരു പെട്ടിക്ക് 350 രൂപ വച്ച് 50 പെട്ടികളും തേനീച്ചകളെയും നൽകിയിരുന്നു. തേൻ ഉത്പ്പാദനത്തെക്കുറിച്ചുള്ള വിശദമായ ക്ലാസുകളും ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നൽകിയിരുന്നു. ഈ സാമ്പത്തിക വർഷവും തേൻമധുരം പദ്ധതിക്കായി എട്ടു ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തേനിൽ നിന്നുള്ള മൂല്യവർധിത ഉത്പ്പന്നങ്ങൾ നിർമിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ കെ.കെ. ഫൈസൽ പറഞ്ഞു.

 

date