ആയുഷ്മാൻ ഭവ കാമ്പയിൻ; വിദഗ്ധ മെഡിക്കൽ ക്യാമ്പുകൾക്കു തുടക്കം
കോട്ടയം: ആയുഷ്മാൻ ഭവ കാമ്പയിന്റെ ഭാഗമായ വിദഗ്ധ മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആർപ്പൂക്കര പനമ്പാലം കോലേട്ടമ്പലം എസ്.എൻ.ഡി.പി. ഹാളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ നിർവഹിച്ചു. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.എസ്. അനിൽകുമാർ, ജില്ലാ മാസ് മീഡിയ ഓഫിസർ ജെ. ഡോമി, ഹെൽത്ത് സൂപ്പർവൈസർ കാളിദാസ് എന്നിവർ പ്രസംഗിച്ചു.
വിവിധ ആരോഗ്യസേവനങ്ങളിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാൻ ഭവ കാമ്പയിന്റെ ഭാഗമായി കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിന്റെയും ജനറൽ, താലൂക്ക്് ആശുപത്രികൾ എന്നിവിടങ്ങളിലെയും വിദഗ്ധ ഡോക്ടർമാരുടെ നേത്യത്വത്തിൽ 19 സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ ശനിയാഴ്ചകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതാണ് പദ്ധതി. ക്യാമ്പുകളിൽ ഗൈനക്കോളജി, ശിശുരോഗം, സർജറി, ഇ.എൻ.റ്റി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്പെഷാലിറ്റി ഡോക്ടർമാർ പങ്കെടുക്കും. ഇതിന്റെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ ആർപ്പൂക്കരയിലും അതിരമ്പുഴ പി.എച്ച.്സിയിലും മെഡിക്കൽ ക്യാമ്പ് നടത്തി. ഏഴു ഡോക്ടർമാരുടെ സേവനമാണ് ക്യാമ്പിൽ ലഭിച്ചത്.
- Log in to post comments