Skip to main content

മാപ്പിളകലാ അക്കാദമി ദശവാർഷികം: തമിഴ് കലാസംഘം കലാപരിപാടികൾ അവതരിപ്പിക്കും

മഹാകവി മോയിൻകുട്ടിവൈദ്യർ മാപ്പിളകലാ അക്കാദമിയുടെ ദശവാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരിക വിനിമയ പരിപാടിയുടെ ഭാഗമായി തമിഴ്നാട്ടിൽ നിന്നുള്ള കലാ സംഘം കൊണ്ടോട്ടിയിൽ എത്തി കലാപരിപാടികൾ അവതരിപ്പിക്കും. തിരുനൽവേലി ജില്ലയിലെ കായൽപട്ടണത്തുള്ള കലാസംഘമാണ് ഇവിടെ എത്തുക. അറബിത്തമിഴ് പാടൽ, കോൽക്കളിയൽ, ദഫ് തുടങ്ങിയ പരിപാടികൾ സംഘം അവതരിപ്പിക്കും. കായൽപട്ടണത്തിന്റെ ചരിത്രവും സംസ്‌കാരവും സംബന്ധിച്ച് പഠനം നടത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന കായൽപട്ടണം വറളാട്രു അയിവു മയ്യം(കായൽപട്ടണം ചരിത്ര ഗവേഷണ കേന്ദ്രം)ത്തിന്റെ ആഭിമുഖ്യത്തിലാണ് കലാസംഘം കൊണ്ടോട്ടിയിൽ എത്തുന്നത്.  മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, വൈസ് ചെയർമാൻ പുലിക്കോട്ടിൽ ഹൈദരാലി, മൻസൂർ നൈന എന്നിവരടങ്ങിയ സംഘം കായൽപട്ടണം ചരിത്രഗവേഷണ കേന്ദ്രം സന്ദർശിച്ച് ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് സാംസ്‌കാരിക വിനിമയ പരിപാടിയുടെ വിശദാംശങ്ങൾ തീരുമാനിച്ചത്. ഒക്ടോബറിൽ തന്നെ കായൽപട്ടണം കലാസംഘം കൊണ്ടോട്ടിയിൽ എത്തും. 2024 ജനുവരിയിൽ മാപ്പിളകലാ അക്കാദമിയുടെ കലാസംഘം കായൽപട്ടണത്തും പോയി കലാപരിപാടികൾ അവതരിപ്പിക്കും. മുൻ എം.എൽ.എ. കെ.എ.എം അബൂബക്കർ ഓർഗനൈസറായ കായൽപട്ടണം ചരിത്രഗവേഷണ കേന്ദ്രത്തിനുവേണ്ടി കോഓർഡിനേറ്റർമാരായ കായൽ അമാനുള്ള, കെ.എം.എ അഹമ്മദ് മുഹിയിദ്ദീൻ എന്നിവരും സഹപ്രവർത്തകരായ എ.കെ. ഷംസുദ്ദീൻ, എസ്.ടി. അബൂബക്കർ, എം.എം. അബ്ദുൽ അസീസ്, സാലൈ ബഷീർ, ജെ.എം. അബ്ദുൽ റഹീം ഖാദിരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

date