Skip to main content

പട്ടികജാതി കുടുംബങ്ങളിലെ അടുക്കള നവീകരണം : വാഴക്കുളം ബ്ലോക്കിൽ 25 ഗുണഭോക്താക്കൾ

 

പട്ടികജാതി കുടുംബങ്ങളിൽ അടുക്കള നവീകരണം പദ്ധതിയുമായി വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്. പട്ടികജാതി ഭവനങ്ങളിലെ അടിസ്ഥാന സൗകര്യം  വർദ്ധിപ്പിച്ച് ആഹാരം പാകം ചെയ്യുന്നതിന്  വൃത്തിയുള്ള ചുറ്റുപാടു സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തിലാണ് ബ്ലോക്കിനു കീഴിൽ പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട നൂതന പദ്ധതിയാണ് പട്ടികജാതി കുടുംബങ്ങളിലെ അടുക്കള നവീകരണം. ബ്ലോക്ക് പരിധിയിലെ വെങ്ങോല, വാഴക്കുളം, കീഴ്മാട്, ചൂർണിക്കര, എടത്തല, കിഴക്കമ്പലം ഗ്രാമപഞ്ചായത്തുകളിൽ നിന്നായി 25 കുടുംബങ്ങളാണ്  പദ്ധതിയുടെ ഗുണഭോക്താക്കൾ. 20 വർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതും  മൂന്നു ലക്ഷത്തിൽ താഴെ വാർഷിക വരുമാനവുമുള്ള  കുടുംബങ്ങൾക്കാണ് പദ്ധതിക്ക് അർഹതയുള്ളത്. നിലവിൽ അഞ്ചു കുടുംബങ്ങളിലെ അടുക്കള നവീകരിച്ചു. ശേഷിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാക്കുമെന്ന് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് അൻവർ അലി പറഞ്ഞു.

അടുക്കളയിലെ തറ ടൈൽ വിരിക്കുക , സ്ലാബ് ഗ്രാനൈറ്റ് ചെയ്യുക, സിങ്ക് , കബോഡ് എന്നിവയുടെ നിർമ്മാണം , വൈദ്യുതീകരണം, പൈപ്പ് കണക്ഷൻ, പുകയില്ലാത്ത അടുപ്പ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ പദ്ധതിയുടെ ഭാഗമായി ഒരുക്കും. മൂന്ന് ഗഡുക്കളായി ഒരുലക്ഷം രൂപയാണ് പദ്ധതി വിഹിതം. ജില്ലയിൽ പദ്ധതി നടപ്പാക്കിയ ആദ്യ ബ്ലോക്ക്‌ പഞ്ചായത്താണ് വാഴക്കുളമെന്ന് പട്ടിക ജാതി വികസന ഓഫീസർ അരവിന്ദ് സന്തോഷ്‌ പറഞ്ഞു.

date