Skip to main content

മേഖലാതല അവലോകന യോഗം 29ന്; മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ നടക്കുന്ന മേഖലാതല അവലോകന യോഗം സെപ്റ്റംബര്‍ 29ന് തൃശൂര്‍ കിഴക്കേ കോട്ടയിലെ ലൂര്‍ദ്ദ് ചര്‍ച്ച് ഹാളില്‍ നടക്കും. പാലക്കാട്, മലപ്പുറം, തൃശൂര്‍ ജില്ലകളുടെ അവലോകന യോഗമാണ് 29ന് നടക്കുക. ഭരണ നേട്ടങ്ങള്‍ ജനങ്ങള്‍ക്കു കൂടുതല്‍ അനുഭവവേദ്യമാക്കുക, സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക, വിവിധ ജില്ലകളിലെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിലൂടെ വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് മേഖലാ തല യോഗങ്ങള്‍ സംഘടിപ്പിക്കുന്നത്. 

രാവിലെ 9.30 മുതല്‍ 1.30 വരെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനവും വൈകിട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫിസര്‍മാര്‍ പങ്കെടുക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളുടെ അവലോകനവും നടക്കും. ദേശീയപാത, മലയോര, തീരദേശ ഹൈവേ വികസനം, വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങള്‍, ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതികള്‍ ഉള്‍പ്പെടെ ജില്ലകളിലെ പ്രധാന വികസന- ക്ഷേമ പദ്ധതികളുടെ പുരോഗതി, ജില്ലകള്‍ക്ക് ആവശ്യമായ പുതിയ പദ്ധതികള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്യും. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരും മൂന്ന് ജില്ലകളില്‍ നിന്നുള്ള കലക്ടര്‍മാരും വകുപ്പ് തലവന്‍മാരും യോഗത്തില്‍ സംബന്ധിക്കും. 

മേഖലാതല യോഗങ്ങള്‍ക്ക് ഇന്ന് (സെപ്റ്റംബര്‍ 26) തിരുവനന്തപുരത്ത് തുടക്കമാവും. ഒക്ടോബര്‍ മൂന്നിന് എറണാകുളത്തും അഞ്ചിന് കോഴിക്കോട്ടുമാണ് മറ്റ് മേഖലാതല യോഗങ്ങള്‍ നടക്കുക.

date