Skip to main content
സംയോജിത ബോധവൽക്കരണ പ്രദർശനത്തിന് തുടക്കമായി

സംയോജിത ബോധവൽക്കരണ പ്രദർശനത്തിന് തുടക്കമായി

താഴേത്തട്ടിൽ ശരിയായ രീതിയിൽ വിവരങ്ങൾ എത്തിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്നും തെറ്റായതും ശരിയായതുമായ വിവരങ്ങൾ തിരിച്ചറിയാൻ പൊതുജനങ്ങൾക്ക് സാധിക്കണം എന്നും ടി എൻ പ്രതാപൻ എംപി പറഞ്ഞു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശ്ശൂർ യൂണിറ്റ് സംഘടിപ്പിക്കുന്ന 5 ദിവസത്തെ സംയോജിത ബോധവത്കരണ പരിപാടിയും പ്രദർശനവും തൃശ്ശൂർ എം.ജി റോഡിലെ ശ്രീശങ്കര ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശയങ്ങൾ രൂപീകരിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഇന്ത്യ ഇന്ന് ഏറെ മുന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ തൃശ്ശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എംഎൽ റോസി, സിബിസി കേരള ലക്ഷദ്വീപ് മേഖലാ തലവൻ  പളനിച്ചാമി, ജോയിന്റ്ഡയറക്ടർ വി പാർവതി, കോർപറേഷൻ കൗൺസിലർ പ്രസാദ്, മുൻ മേയർ കെ രാധാകൃഷ്ണൻ, ആർസിഎച്ച് ഓഫീസർ ഡോ. ജയന്തി, തൃശ്ശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ അബ്ദു മനാഫ്, പാലക്കാട് ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം സ്മിതി തുടങ്ങിയവർ സംസാരിച്ചു. മിഷൻ ഇന്ദ്രധനുഷ്, അ​ഗ്നിവീർ പദ്ധതികളെക്കുറിച്ച് ക്ലാസുകൾ നടന്നു.

വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് സാധാരണക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്ക് തപാൽ വകുപ്പിന്റെ ആധാർ സേവനങ്ങൾ, വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് വിദഗ്ധർ നയിക്കുന്ന ബോധവത്കരണ ക്ലാസുകൾ, വിവിധ കേന്ദ്ര, സംസ്ഥാന വകുപ്പുകളുടെ പ്രദർശന സ്റ്റാളുകൾ, സ്വാതന്ത്ര്യസമരവുമായ ബന്ധപ്പെട്ട അപൂർവ്വ ചിത്രങ്ങളുടെ പ്രദർശനം, വിവിധ ഗവൺമെന്റ് പദ്ധതികളെക്കുറിച്ചുള്ള ഫോട്ടോ പ്രദർശനം, വൈവിധ്യമാർന്ന കലാപരിപാടികൾ, കുടുംബശ്രീ വിപണന മേള എന്നിവ  ഒരുക്കിയിട്ടുണ്ട്. 

 നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിൽ ഇന്ന് (26.09.23) സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടക്കും.

date