Skip to main content

വയോസേവന പുരസ്കാര നിറവിൽ അന്നമനട ഗ്രാമപഞ്ചായത്ത്

വയോജനക്ഷേമ രംഗത്തെ മികച്ച മാതൃകകൾക്കുള്ള 2023 ലെ വയോസേവന പുരസ്കാരങ്ങളിൽ മികച്ച  പഞ്ചായത്തായി അന്നമനട ഗ്രാമ പഞ്ചായത്തിനെ തിരഞ്ഞെടുത്തു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് 
വയോസേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. അരലക്ഷം രൂപയുടെ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്കാരം.

വ്യത്യസ്തമായ പ്രവർത്തനങ്ങൾ മുതിർന്ന പൗരന്മാർക്കായി ഒരുക്കിയാണ് അന്നമനട പഞ്ചായത്ത് വയോസേവന പുരസ്കാരം സ്വന്തമാക്കിയത്. ഒരാളുപോലും വൃദ്ധസദനത്തിൽ ഇല്ലാത്ത അന്നമ്മനട ഗ്രാമപഞ്ചായത്ത്‌ ആക്കുക എന്ന ലക്ഷ്യത്തോടെ വയോജന ഹെൽപ്പ് ഡെസ്കും വയോജന ജാഗ്രത സമിതിയും രൂപീകരിച്ചു. ഇതിനോടനുബന്ധിച്ച്  മുതിർന്ന പൗരന്മാർക്ക് എല്ലാ ദിവസവും പാലിയേറ്റീവ് പരിചരണവും പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വയോജന സൗഹൃദം ആക്കുകയും ചെയ്തു. പകൽ വീടുകളെ വയോജന വിശ്രമ വിനോദ കേന്ദ്രമാക്കുകയും ഓരോ കുടുംബവും വയോജന സൗഹൃദം ആക്കുകയും ചെയ്തു.

ആരോഗ്യമിത്രം പദ്ധതിയിൽ ഉൾപ്പെടുത്തി അലോപ്പതി, ആയുർവേദ,  ഹോമിയോ മെഡിക്കൽ ക്യാമ്പുകളും, ദന്ത ക്യാമ്പും, തിമിര രഹിത പഞ്ചായത്ത് ആക്കുന്നതിനായി പ്രത്യേക ക്യാമ്പും സജ്ജമാക്കി. 

വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിനായി വാർഡ് തലങ്ങളിലും പഞ്ചായത്ത് തലത്തിലും ത്രിസന്ധ്യ ഡ്രാമ ക്ലബ്ബ്, ധ്വനി മ്യൂസിക് ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ രൂപീകരിക്കുകയും അവരുടെ സർഗാത്മകശേഷിയെ വർധിപ്പിക്കുന്ന തരത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു. 

വയോജനങ്ങൾക്കായി വഴിയോര വിശ്രമ കേന്ദ്രങ്ങളും ഓപ്പൺ ജിമ്മും അന്നമ്മനട പഞ്ചായത്തിന്റെ പ്രത്യേകതയാണ്. വയോജനങ്ങളുടെ സാമ്പത്തിക, മാനസിക, ശാരീരിക, സുരക്ഷ ഉറപ്പുവരുത്തി നിയമപരിരക്ഷയും കൗൺസിലിങ്ങും ലഭ്യമാക്കുകയും ചെയ്തു.

വയോജന സംഗമങ്ങൾ ഒരുക്കിയും  പഞ്ചായത്തിലെ എല്ലാ മുതിർന്ന പൗരന്മാർക്കും ഇ-സാക്ഷരത ഉറപ്പുവരുത്തിയും പഞ്ചായത്തിന്റെ പ്രവർത്തനങ്ങൾ വേറിട്ട് നിൽക്കുന്നു. വയോജന ദിനത്തിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങൾക്ക്  കൈത്താങ്ങാകുവാൻ  'അരികെ' എന്ന പുതിയ പദ്ധതി കൂടി പഞ്ചായത്തിൽ തുടക്കം കുറിക്കും.

date