Skip to main content

വയോജന ദിനാചരണം: വിദ്യാർഥികൾക്കായി വീഡിയോ നിർമാണ മത്സരവും സെൽഫി മത്സരവും

മലപ്പുറം ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ വയോജന കൗൺസിലിന്റെയും സാമൂഹ്യ സുരക്ഷാ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ 'വൃദ്ധി 2023' എന്ന പേരിൽ നടത്തുന്ന അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്കായി വീഡിയോ നിർമാണ മത്സരവും സെൽഫി മത്സരവും നടത്തുന്നു. 'ചേർത്തു പിടിക്കാം' എന്ന പേരിലാണ് വീഡിയോ മത്സരം. ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് പങ്കെടുക്കാം. വയോജന സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കിയായിരിക്കണം വീഡിയോ തയ്യാറാക്കേണ്ടത്. വീഡിയോയുടെ ദൈർഘ്യം മൂന്ന് മിനുട്ടിൽ കവിയാൻ പാടില്ല. എൽ.പി, യു.പി വിദ്യാർഥികൾക്കായി നടത്തുന്ന 'മുത്തശ്ശാ... മുത്തശ്ശി ഒരു സെൽഫി' മത്സരത്തിൽ അവരോടൊപ്പമുള്ള സെൽഫി ഫോട്ടോ അയക്കാവുന്നതാണ്. ഒരു കുട്ടി ഒരു ഫോട്ടോ മാത്രമേ അയക്കാൻ പാടുള്ളൂ. വീഡിയോ, ഫോട്ടോ എന്നിവ dsjompmelders@gmail.com ഇമെയിലിൽ സെപ്റ്റംബർ 29ന് മുമ്പ് ലഭിക്കണം. മത്സരാർഥികൾ പേര്, മേൽവിലാസം, പഠിക്കുന്ന വിദ്യാലയം, ഫോൺ നമ്പർ എന്നിവ കൂടി ലഭ്യമാക്കേണ്ടതാണ്. വിജയികൾക്കുള്ള സമ്മാനം ഒക്ടോബർ ഒന്നിന് മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന വയോജന ദിനാചരണ വേദിയിൽ വെച്ച് നൽകും. പരിപാടിയിൽ സായം പ്രഭാ ഹോമുകൾ, വയോജനമന്ദിരങ്ങൾ എന്നിവയെ പ്രതിനിധീകരിച്ച് എത്തുന്ന വയോജനങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും. വിവിധ മേഖലകളിൽ മികവു തെളിയിച്ച വയോജനങ്ങളെ ചടങ്ങിൽ ആദരിക്കും. കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം യൂണിറ്റുകളുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിച്ചിട്ടുണ്ട്. സ്റ്റുഡൻറ് പോലീസ് കാഡറ്റ്, കോളേജ് വിദ്യാർഥികൾ, വയോജന സംഘടനകൾ എന്നിവ പരിപാടിയുമായി സഹകരിക്കും.

date