Skip to main content

പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ നിര്‍മ്മാണ ഉദ്ഘാടനവും വാഴാനി ചില്‍ഡ്രന്‍സ് പാര്‍ക്ക് ഉദ്ഘാടനവും 29 ന്   മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും

പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ റോഡ് നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനവും വാഴാനി ഡാമിലെ നവീകരിച്ച ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ ഉദ്ഘാടനവും നാളെ (സെപ്തംബര്‍ 29 ന്) കരുമത്ര സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും.

ദേശീയ പാത 544 ലെ മുടിക്കോട് നിന്നാരംഭിച്ച് വടക്കാഞ്ചേരി - വാഴാനി റോഡിലെ കരുമത്ര സെന്ററില്‍ അവസാനിക്കുന്ന 18.65 കിലോമീറ്റര്‍ റോഡ് വീതി കൂട്ടി ഉന്നത നിലവാരത്തില്‍ നവീകരിക്കുന്ന കിഫ്ബി അനുവദിച്ച 58.8 കോടി രൂപയുടെ ബൃഹദ് പദ്ധതിയായ പീച്ചി - വാഴാനി ടൂറിസം കോറിഡോര്‍ റോഡ് നവീകരണ പ്രവൃത്തി. രണ്ട് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതല്‍ കരുമത്ര സെന്റര്‍ വരെയുള്ള 11.65 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത്. കിഫ്ബിയുടെ ഗതാഗത പദ്ധതികള്‍ നടപ്പിലാക്കുന്നതിന് പ്രത്യേകമായി രൂപീകരിച്ച പൊതുമരാമത്ത് വകുപ്പിന്റെ വിഭാഗമായ കേരള റോഡ് ആന്റ് ഫണ്ട് ബോര്‍ഡ് (കെ.ആര്‍.എഫ്.ബി) തൃശ്ശൂര്‍, എറണാകുളം യൂണിറ്റിനാണ് പദ്ധതി നിര്‍വഹണ ചുമതല. പദ്ധതിയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു. 18 മാസമാണ് പ്രവൃത്തിയുടെ പൂര്‍ത്തീകരണ കാലാവധി. 

വാഴാനി ഡാമില്‍ ടൂറിസം വകുപ്പ് 40.3 ലക്ഷം രൂപ അനുവദിച്ച് നവീകരിച്ചതാണ് ഉദ്ഘാടനത്തിനൊരുങ്ങിയിട്ടുള്ള കുട്ടികളുടെ പാര്‍ക്ക്. കുട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാവര്‍ക്കും ഇഷ്ട വിനോദ കേന്ദ്രമായി വാഴാനി ഡാം മാറുകയാണ്. ഗാര്‍ഡനോട് ചേര്‍ന്ന് ഒരുക്കിയിട്ടുള്ള കുട്ടികളുടെ പാര്‍ക്ക് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി കൂടുതല്‍ സൗകര്യങ്ങളുമായി സജ്ജമാണ്. പദ്ധതിയുടെ നിര്‍മ്മാണ ചുമതല തൃശ്ശൂര്‍ സില്‍ക്ക് ലിമിറ്റഡിനായിരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമതക്കും ഉതകുന്ന തരത്തില്‍ വൈവിധ്യമാര്‍ന്ന ഡിസൈനുകളും, റൈഡും, കളിസ്ഥലങ്ങളും എല്ലാം പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. 5.99 കോടി രൂപ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മ്യൂസിക്കല്‍ ഫൗണ്ടന്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ആറ് ലക്ഷം രൂപ ചെലവഴിച്ച് വാഴാനി കള്‍ച്ചറല്‍ സെന്റര്‍ ലൈബ്രറിയും നവീകരിച്ച് വിനോദസഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി തുറന്നുകൊടുത്തിട്ടുള്ള തൂക്കുപാലവും വാഴാനി ഡാമിനെ കൂടുതല്‍ ആകര്‍ഷണീയമാക്കും.

date