Skip to main content
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മാതൃയാനം പദ്ധതിക്ക് തുടക്കമായി

സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ മാതൃയാനം പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ അമ്മയേയും കുഞ്ഞിനെയും സുരക്ഷിതമായും സൗജന്യമായും വീട്ടിലെത്തിക്കുന്ന 'മാതൃയാനം' പദ്ധതിക്ക് ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ തുടക്കമായി. എച്ച്. സലാം എം.എല്‍.എ. പദ്ധതി ഉദ്ഘാടനം ചെയ്തു. അമ്മയ്ക്കും കുഞ്ഞിനും വീട്ടിലെത്താന്‍ 5 കിലോ മീറ്റര്‍ വരെയുള്ള ചുറ്റളവില്‍ 200 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 18 രൂപ നിരക്കിലും ടാക്‌സി ചാര്‍ജ് നല്‍കുന്നതാണ് പദ്ധതി. 

നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന 'അമ്മയും കുഞ്ഞും' പദ്ധതിയുടെ തുടര്‍ച്ചയാണ് 'മാതൃയാനം'. മുന്‍പ് യാത്ര ചെലവിനായി 500 രൂപയായിരുന്നു പദ്ധതിയുടെ ഭാഗമായി നല്‍കിയിരുന്നത്. ദൂരയാത്ര വേണ്ടി വരുന്നവര്‍ക്ക് ഈ തുക മതിയാവില്ലെന്ന് കണ്ടെത്തിയതോടെയാണ് പണം നല്‍കുന്നത് നിര്‍ത്തി ടാക്‌സി ഏര്‍പ്പാടാക്കുന്ന പുതിയ പദ്ധതി നടപ്പാക്കിയത്. 

ചടങ്ങില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.കെ. ദീപ്തി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശ്യാമ മോള്‍, ആശുപത്രി വികസന സമിതിയംഗം ബീന റസാക്, എന്‍.എച്ച്.എം. ബയോ മെഡിക്കല്‍ എഞ്ചിനീയര്‍ ജ്യോതിഷ് തോമസ്, മാനേജര്‍ ജ്യോതിഷ്, രാഷ്ട്രീയ ബാല്‍
സ്വാസ്ഥ്യ കാര്യക്രം മാനേജര്‍ പി.എം. മഞ്ചു ലക്ഷ്മി, നേഴ്‌സിംഗ് സൂപ്രണ്ട് ശ്രീദേവി, വി.ജി. കല, സ്റ്റോര്‍ സൂപ്രണ്ട് റഹിയാനത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ്. ജയകൃഷ്ണന്‍, ജയന്തി, രമ്യ, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

date