Skip to main content

മാലിന്യമുക്തം നവകേരളത്തിനായി അക്ഷര സേന

 

കോഴിക്കോട് ജില്ലയെ സമ്പൂർണ്ണ മാലിന്യ മുക്തമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി അക്ഷരസേനയും. ജില്ലാ ശുചിത്വ മിഷൻ്റെ നിർദ്ദേശപ്രകാരം ജില്ലാ ലൈബ്രറി കൗൺസിൽ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ ലൈബ്രറി കൗൺസിൽ ലൈബ്രറി തലത്തിൽ രൂപീകരിച്ച സന്നദ്ധ പ്രവർത്തന സംഘമാണ് അക്ഷര സേന. 

ആദ്യ ഘട്ടമായി ഒക്ടോബർ ഒന്നിന് ലൈബ്രറികളും, പരിസരവും ശുചീകരിക്കും. തുടർന്ന് ശുചിത്വ പ്രതിജ്ഞ ചൊല്ലും. ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടക്കുന്ന തീവ്രശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവൻ ഗ്രന്ഥശാലകളും പങ്കെടുക്കും. ലൈബ്രറികൾ പ്രവർത്തിക്കുന്ന വാർഡുകൾ ദത്തെടുത്ത് വിവിധ സംഘടനകളുമായി ചേർന്ന് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. അതു പ്രകാരം ടീം രൂപീകരിച്ച് ഗൃഹസന്ദർശനം നടത്തി യൂസർ ഫീ കളക്ഷൻ 100 ശതമാനം ആക്കുന്നതിന് ഹരിത കർമ സേനയെ സഹായിക്കും. 
വാർഡ് തലത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന വ്യക്തികളെ ആദരിക്കും. മാലിന്യ നിക്ഷേപ സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിച്ച ശേഷം പൊതുജന സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും. ശുചിത്വ ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. വനിതാ വേദി, ബാലവേദി പ്രവർത്തകരുടെ നേതൃത്വത്തിൽ ശുചിത്വ റാലി, ശുചിത്വ ക്വിസ്, ശുചിത്വ ദീപം തെളിയിക്കൽ എന്നിവ സംഘടിപ്പിക്കും.
ജില്ലയിലെ 560 ലൈബ്രറികൾക്കും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും സാമൂഹിക പ്രവർത്തനങ്ങളിൽ ലൈബ്രറി പ്രവർത്തകരുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ.ഉദയൻ പറഞ്ഞു.

date