Skip to main content

വാഴാനി ഡാം മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി യാഥാർത്ഥ്യമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വാഴാനി ഡാമിൽ 5.99 കോടി രൂപയുടെ മ്യൂസിക്കൽ ഫൗണ്ടൻ പദ്ധതി  യാഥാർത്ഥ്യമാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വാഴാനി ഡാം ഗാർഡനിലെ നവീകരണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്ക് ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു മന്ത്രി. വാഴാനി ഡാം കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രമാണെന്നും, വടക്കാഞ്ചേരി മണ്ഡലത്തിലെ ടൂറിസം വികസന പദ്ധതികൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്നും മന്ത്രി പറഞ്ഞു. വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു. സിൽക്ക് തൃശ്ശൂർ സീനിയർ മാനേജർ എം പി അബ്ദുൽ കരീം റിപ്പോർട്ട് അവതരിപ്പിച്ചു.

വാഴാനി ഡാമിൽ ടൂറിസം വകുപ്പ് 40.3 ലക്ഷം രൂപ വിനിയോഗിച്ചാണ് ഗാർഡനിലെ കുട്ടികളുടെ പാർക്ക് നവീകരിച്ചിട്ടുള്ളത്. കുട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും ഇഷ്ട വിനോദ കേന്ദ്രമായി വാഴാനി ഡാം മാറുകയാണ്. പദ്ധതിയുടെ നിർമ്മാണ ചുമതല തൃശ്ശൂർ സിൽക്ക് ലിമിറ്റഡിനായിരുന്നു. കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ശാരീരിക ക്ഷമതക്കും ഉതകുന്ന തരത്തിൽ വൈവിധ്യമാർന്ന ഡിസൈനുകളും, റൈഡും, കളിസ്ഥലങ്ങളും എല്ലാം പാർക്കിൽ ഒരുക്കിയിട്ടുണ്ട്. ആറ് ലക്ഷം രൂപ ചെലവഴിച്ച്  വാഴാനി കൾച്ചറൽ സെന്റർ ലൈബ്രറിയും നവീകരിച്ച് വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കും. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തുറന്നുകൊടുത്തിട്ടുള്ള തൂക്കുപാലവും വാഴാനി ഡാമിനെ കൂടുതൽ ആകർഷണീയമാക്കുന്നു.

 ചടങ്ങിൽ വിനോദ സഞ്ചാരവകുപ്പ് തൃശ്ശൂർ ഡെപ്യൂട്ടി ഡയറക്ടർ പി ഐ സുബൈർ കുട്ടി, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ വി നഫീസ, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി സുനിൽകുമാർ, വാഴാനി ഡിഎംസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ജോബി ജോർജ്, തെക്കുമര ഗ്രാമപഞ്ചായത്ത് അംഗം കെ രാമചന്ദ്രൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം പി ആർ രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് ഇ ഉമലക്ഷ്മി, ജില്ലാ പഞ്ചായത്ത് അംഗം പി എസ് വിനയൻ, തെക്കുംകര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി സി സജീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗം ഷൈനിജേക്കബ് തുടങ്ങിയവർ പങ്കെടുത്തു.

date