Skip to main content

തൈക്കാട്ടുശ്ശേരിയില്‍ വണ്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കം

ആലപ്പുഴ: തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തില്‍ വണ്‍ ഹെല്‍ത്ത് (ഏക ലോകം ഏകാരോഗ്യം) പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി രൂപീകരിച്ച വാര്‍ഡ് തല വണ്‍ ഹെല്‍ത്ത് മെന്റര്‍മാരുടെ പട്ടിക വണ്‍ ഹെല്‍ത്ത് ജില്ലാ മെന്റര്‍ ടി. ബെന്നിക്ക്   
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. വിശ്വംബരന്‍ കൈമാറി. പദ്ധതിക്കായി തൈക്കാട്ടുശ്ശേരി ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളില്‍ നിന്നായി ഓരോ വാര്‍ഡില്‍ നിന്നും ഏഴ് മെന്റര്‍മാരെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഇവര്‍ക്കുള്ള പരിശീലനവും ഉടന്‍ ആരംഭിക്കും.

കോവിഡ് പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വണ്‍ ഹെല്‍ത്ത്. മനുഷ്യന്റെ ആരോഗ്യത്തോടൊപ്പം മൃഗങ്ങളുടേയും പരിസ്ഥിതിയുടേയും ആരോഗ്യം നിലനിര്‍ത്തിയുള്ള രോഗപ്രതിരോധമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജന്തുജന്യരോഗങ്ങള്‍ക്ക് കാരണമാകുന്ന അസാധാരണ സംഭവങ്ങളുടെ നിരീക്ഷണം, ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളെ നേരത്തെ കണ്ടെത്തല്‍, ആവശ്യകത അനുസരിച്ച പങ്കാളിത്ത ഇടപെടലുകള്‍ എന്നിവയാണ് വണ്‍ ഹെല്‍ത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍. 

ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രിയ ജയറാം, അമ്പിക ശശിധരന്‍, എബ്രഹാം ജോര്‍ജ്, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പ്രീത, ആരോഗ്യ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date