Skip to main content
കളിച്ചും രസിച്ചും പഠിക്കാം.... വര്‍ണക്കൂടാരം ഒരുങ്ങി

കളിച്ചും രസിച്ചും പഠിക്കാം.... വര്‍ണക്കൂടാരം ഒരുങ്ങി

കളിച്ചും രസിച്ചും പഠിക്കാന്‍ നിരവധി ഇടങ്ങള്‍ ഒരുക്കി നന്തിക്കര ഗവ. സ്‌കൂള്‍. നന്തിക്കര  ഗവ. വിഎച്ച്എസ് സ്‌കൂളില്‍ സ്റ്റാര്‍സ് പ്രീ പ്രൈമറി പദ്ധതി പ്രകാരം എസ്എസ്‌കെ, ഇരിങ്ങാലക്കുട ബിആര്‍സി വഴി ലഭിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് ഒരുക്കിയ വര്‍ണക്കൂടാരത്തിന്റെ ഉദ്ഘാടനം പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രന്‍ നിര്‍വഹിച്ചു.

കളിപ്പാട്ടം പാഠപുസ്തകത്തിലെ 30 ഓളം തീമുകള്‍, കളിയിടം, വരയിടം, സംഗീത ഇടം, ശാസ്ത്ര ഇടം, ഗണിത ഇടം എന്നിങ്ങനെ 13 ഇടങ്ങളാണ് നാരങ്ങ മിഠായി എന്ന പേരില്‍ സ്‌കൂളില്‍ ഒരുക്കിയിട്ടുള്ളത്. പല വര്‍ണങ്ങളിലുള്ള മനോഹരങ്ങളായ ഇരിപ്പിടങ്ങളാണ് ക്ലാസ്സ് മുറികളില്‍.

ഗുണമേന്മയുള്ളതും ശാസ്ത്രീയവുമായ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം കുഞ്ഞുങ്ങള്‍ക്ക് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സമഗ്ര ശിക്ഷ കേരളം വര്‍ണ്ണക്കൂടാരം എന്ന പരിപാടി നടപ്പാക്കുന്നത്. ഓരോ ഇടങ്ങളും കുട്ടിയുടെ ഭാവനയും ചിന്തയും ഉണര്‍ത്തുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചും അസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കുവാനുള്ള സാധ്യതയാണ് ഇതിലൂടെ പൊതു വിദ്യാലയങ്ങളിലെ പ്രീ പ്രൈമറി കുഞ്ഞുങ്ങള്‍ക്ക് ലഭിക്കുന്നത്.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്‍  അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ കെ അനൂപ് എന്നിവര്‍ മുഖ്യാതിഥികളായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കാര്‍ത്തിക ജയന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം കവിതാ സുനില്‍, ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ കെ  ശ്രീലത, പിടിഎ പ്രസിഡന്റ് എം കെ അശോകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date