Skip to main content

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിയമസഭമണ്ഡലതലത്തിൽ ഏകദിന ക്യാമ്പുകൾ

കോട്ടയം: എക്‌സൈസ് വിമുക്തി മിഷൻ ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിയമസഭ നിയോജകമണ്ഡലതലത്തിൽ ഏകദിന ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. എം.എൽ.എ.മാരുടെ നേതൃത്വത്തിലാണ് ക്യാമ്പുകൾ നടക്കുക. വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക, എൻഫോഴ്‌സ്‌മെന്റ്-ബോധവത്കരണം ശക്തിപ്പെടുത്തുക, ലഹരിമോചന ചികിത്സയ്ക്ക് കൗൺസിലിങ് ആവശ്യമുള്ളവരെ കണ്ടെത്തി ചികിത്സിപ്പിക്കുകയും പുനരധിവസിപ്പിക്കുകയും ചെയ്യുക, സ്‌കൂൾ ജാഗ്രത സമിതികളുടെ പ്രവർത്തനം ശക്തിപ്പെടുത്തുക, ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തുക തുടങ്ങി വിവിധ വിഷയങ്ങൾ ക്യാമ്പിൽ ചർച്ചചെയ്യും. മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷർ, എക്‌സൈസ്, വിമുക്തി ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവിമാർ, വനിത ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ്, വിദ്യാർഥി-യുവജന സംഘടന പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, കുടുംബശ്രീ, സർവീസ് സംഘടന പ്രതിനിധികൾ, സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർ എന്നിവരെ പങ്കെടുപ്പിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുക.
കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ ക്യാമ്പ് സെപ്റ്റംബർ 29ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചിറക്കടവ് ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിലും പാലാ മണ്ഡലത്തിലെ ക്യാമ്പ് സെപ്റ്റംബർ 30ന് രാവിലെ 10.30ന് ളാലം ബ്ലോക്ക് പഞ്ചായത്ത് ഹാളിലും നടക്കും. ഒക്‌ടോബർ ആറിന് രാവിലെ 10ന് ചങ്ങനാശേരി മോഡൽ ഗവൺമെന്റ് ഹൈസ്‌ക്കൂളിലും ഒക്‌ടോബർ 10ന് കടുത്തുരുത്തി സെന്റ് മൈക്കിൾസ് എച്ച്.എസ്.എസിലും ഒക്‌ടോബർ 13ന് രാവിലെ 10ന് വൈക്കം ബീച്ചിലെ വൈക്കം സത്യഗ്രഹ സ്മാരക ഹാളിലും ക്യാമ്പുകൾ നടക്കുമെന്ന് എക്‌സസൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. ജയചന്ദ്രൻ അറിയിച്ചു.

 

 

 

date