Skip to main content
കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.

*'തിരികെ സ്‌കൂളിലേക്ക്' ജില്ലാതല ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ നിര്‍വഹിച്ചു* *അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ് കുടുംബശ്രീ :- ഡെപ്യൂട്ടി സ്പീക്കര്‍* *46 ലക്ഷം കുടുംബശ്രീ വനിതകള്‍ വിദ്യാലയങ്ങളിലെത്തുന്ന ബൃഹത് കാമ്പയിന്‍*

കുടുംബശ്രീ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ് നല്‍കുന്നതിന് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കുടുംബശ്രീ സംഘടന സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും, പുതിയ സാധ്യതകള്‍ പരമാവധി കുടുംബശ്രീ അയല്‍ക്കൂട്ട അംഗങ്ങളെ പരിചയപ്പെടുത്തുവാനും കുടുംബശ്രീ സംസ്ഥാനമിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേര്‍ന്നാണ് തിരികെ സ്‌കൂളിലേക്ക് എന്ന കാമ്പയിനു തുടക്കം കുറിക്കുന്നത്. അതിജീവനത്തിന്റെ ഏറ്റവും ഉദാത്ത മാതൃകയാണ് കുടുംബശ്രീ എന്ന് ഉദ്ഘാടനം നിര്‍വഹിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഒക്ടോബര്‍ 1 മുതല്‍ ഡിസംബര്‍ 10 വരെയുള്ള പൊതു അവധി ദിവസങ്ങളില്‍ കുടുംബശ്രീ സി.ഡി.എസുകളുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികളുടെയും സ്‌കൂള്‍ പിടിഎയുടെയും സഹകരണത്തോടെ കേരളത്തിലെ പൊതു വിദ്യാലയങ്ങളില്‍ തിരികെ സ്‌കൂളിലേക്ക് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്.
ഇതിന്റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍ വീണ്ടും പഠിതാക്കളായി വിദ്യാലയങ്ങളിലേക്കെത്തും. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണിത്. ഓരോ സി.ഡി.എസിനു കീഴിലുമുള്ള വിദ്യാലയങ്ങളിലാണ് അയല്‍ക്കൂട്ടങ്ങള്‍ പങ്കെടുക്കുക. അവധി ദിനങ്ങളില്‍ സംഘടിപ്പിക്കുന്ന ക്യാമ്പെയ്‌നു വേണ്ടി സംസ്ഥാനത്ത് രണ്ടായിരത്തിലേറെ സ്‌കൂളുകള്‍ വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചിട്ടുണ്ട്.
സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാളിതു വരെ സംഘടിപ്പിച്ചതില്‍ ഏറ്റവും ബൃഹത്തായ കാമ്പയിനായിരിക്കും 'തിരികെ സ്‌കൂളില്‍'. വിജ്ഞാന സമ്പാദനത്തിന്റെ ഭാഗമായി 46 ലക്ഷം അയല്‍ക്കൂട്ട വനിതകള്‍ പഠിതാക്കളായി എത്തുന്നു എന്നതാണ് ക്യാമ്പെയ്ന്റെ മുഖ്യ സവിശേഷത. 20000 ഏരിയ ഡെവലപ്‌മെന്റ് സൊസൈറ്റികള്‍, 1071 സി.ഡി.എസുകള്‍, 15,000 റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, കുടുംബശ്രീ സ്‌നേഹിത, വിവിധ പരിശീലന ഗ്രൂപ്പിലെ അംഗങ്ങള്‍, സംസ്ഥാന ജില്ലാ മിഷന്‍ ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ അര കോടിയിലേറെ പേരാണ് കാമ്പയിനില്‍ പങ്കാളിത്തം വഹിക്കുക.സ്‌കൂള്‍ വിദ്യാഭ്യാസ കാലത്തെ അനുസ്മരിപ്പിക്കുന്ന വിധമാണ് ക്യാമ്പെയ്ന്‍ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ളത്. രാവിലെ 9.30 മുതല്‍ 4.30 വരെയാണ് ക്ലാസ് സമയം. 9.30 മുതല്‍ 9.45 വരെ അസംബ്ലിയാണ്. ഇതില്‍ കുടുംബശ്രീയുടെ മുദ്രഗീതം ആലപിക്കും. അതിനു ശേഷം ക്ലാസുകള്‍ ആരംഭിക്കും. സംഘാടന ശക്തി അനുഭവ പാഠങ്ങള്‍, അയല്‍ക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ-ജീവിതഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം-ആശയങ്ങള്‍ പദ്ധതികള്‍, ഡിജിറ്റല്‍ കാലം എന്നിവയാണ് പാഠ്യ വിഷയങ്ങള്‍. ഇവയോരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം നല്‍കുക. പരിശീലനം ലഭിച്ച 15000ത്തോളം റിസോഴ്‌സ് പേഴ്‌സണ്‍മാരാണ് അധ്യാപകരായി എത്തുന്നത്. ഉച്ചയ്ക്ക് മുമ്പ് പതിനഞ്ച് മിനിട്ട് ഇടവേളയുണ്ട്. ഒന്നു മുതല്‍ ഒന്നേ മുക്കാല്‍ വരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. എല്ലാവരും ഒരുമിച്ചിരുന്നാകും ഭക്ഷണം കഴിക്കുക. കൂടാതെ ഈ സമയത്ത് ചെറിയ കലാപരിപാടികളും നടത്തും. ഓരോ പീരിയഡ് കഴിയുമ്പോഴും ബെല്ലടിക്കും. ഉച്ചഭക്ഷണം, കുടിവെള്ളം. സ്‌നാക്‌സ്, സ്‌കൂള്‍ ബാഗ്, സ്മാര്‍ട്ട് ഫോണ്‍, ഇയര്‍ഫോണ്‍ എന്നിവ വിദ്യാര്‍ത്ഥിനികള്‍ തന്നെയാണ് കൊണ്ടു വരേണ്ടത്. താല്‍പര്യമുള്ള അയല്‍ക്കൂട്ടങ്ങള്‍ക്ക് യൂണിഫോമും ധരിക്കാമെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു.
ജീവിതമെന്ന വിദ്യാലയത്തില്‍ നമ്മുടെ കുടുംബശ്രീ സഹോദരിമാര്‍ ഒന്നടങ്കം ഉത്തമ വിദ്യാര്‍ഥികളായി മാറുകയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. കുടുംബശ്രീ ത്രിതല സംഘടനാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയ കാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുകയാണ് തിരികെ സ്‌കൂളിലേക്ക്  കാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇത് വഴി അതിവിപുലമായ തുടര്‍വിദ്യാഭ്യാസ പദ്ധതിക്കാണ് കുടുംബശ്രീ നേതൃത്വത്തില്‍ തുടക്കം കുറിക്കപ്പെടുന്നതെന്നും കളക്ടര്‍ പറഞ്ഞു.പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യ പ്രഭാഷണം നടത്തി .കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ആദില,പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറി സജീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മനു, എ പി സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 

date