Skip to main content
തിരികെ സ്കൂളിൽ: ജില്ലയിൽ കുടുംബശ്രീ പരിശീലന ക്യാമ്പയിന് തുടക്കം

തിരികെ സ്കൂളിൽ: ജില്ലയിൽ കുടുംബശ്രീ പരിശീലന ക്യാമ്പയിന് തുടക്കം

ആലപ്പുഴ: തദ്ദേശസ്വയംഭരണ വകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി ജില്ലയിലെ കൂടുംബശ്രീ അംഗങ്ങൾക്കായി സംഘടിപ്പിക്കുന്ന തിരികെ സ്കൂളിൽ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിന്റെ ജില്ലാതല പ്രവർത്തനങ്ങൾക്ക് പുലിയൂർ പേരിശേരി ഗവ.യു.പി സ്കൂളിൽ ആരംഭിച്ചു. പുലിയൂർ ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് എം.ജി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.

അയൽകൂട്ടതല സംഘടനാ സംവിധാനം മെച്ചപ്പെടുത്തുക, കുടുംബശ്രീ പ്രവർത്തകർക്ക് കാലാനുസൃതമായ പരിശീലനം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. ജില്ലയിൽ 77 സി.ഡി.എസുകളിലായി 456 ക്ലാസ് മുറികളിലായി 18966 കുടുംബശ്രീ അംഗങ്ങൾ ക്ലാസുകളിൽ പങ്കെടുത്തു. വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ട് ഒക്ടോബർ ഒന്നു മുതൽ ഡിസംബർ 10 വരെയുള്ള കാലയളവിലെ പൊതു അവധി ദിവസങ്ങളിൽ മുഴുവൻ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലനം നൽകാനാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. വിവിധ ബാച്ചുകളായി തിരിച്ചാണ് അംഗങ്ങൾക്ക് പരിശീലനം നൽകുന്നത്. 

ചടങ്ങിൽ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ടി.ഷൈലജ, ഗ്രാമപഞ്ചായത്തംഗം സരിത ഗോപൻ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജെ.പ്രശാന്ത് ബാബു, അസി.കോർഡിനേറ്റർ കെ.വി.സേവ്യർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date