Skip to main content

മേഖലാതല അവലോകന യോഗം: വിദ്യാകിരണം പദ്ധതി: ജില്ലയിലെ വിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍

 

വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ മികവിന്റെ പാതയില്‍. കിഫ്ബി പദ്ധതിയില്‍ 5 കോടി രൂപ വീതം ചെലവഴിച്ച് നടപ്പിലാക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ 15 വിദ്യാലയങ്ങളില്‍ പൂര്‍ത്തിയായി. മൂന്നു കോടി രൂപ വീതം ചെലവഴിക്കുന്ന കിഫ്ബി പദ്ധതി വഴി 9 വിദ്യാലയങ്ങളില്‍ ഏഴ് എണ്ണത്തിന്റെ നവീകരണം പൂര്‍ത്തിയായി. രണ്ടു വിദ്യാലയങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കിഫ്ബി അനുമതി ലഭിച്ചാല്‍ ആരംഭിക്കും. 

ഒരു കോടി രൂപ വീതം ചെലവിടുന്ന 25 വിദ്യാലയങ്ങളിലാണ് ജില്ലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. ഇതില്‍ 4 വിദ്യാലയങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. 8 വിദ്യാലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. 13 വിദ്യാലയങ്ങളില്‍ നാലെണ്ണം വീതം ടെന്‍ഡര്‍, സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടന്‍ ആരംഭിക്കും. മൂന്നെണ്ണത്തിന് കിഫ്ബി അംഗീകാരം ലഭിക്കണം.  സ്ഥലപരിമിതിയാണ്  രണ്ട് വിദ്യാലയങ്ങളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം.

ഒരു കോടി രൂപയുടെ കിഫ്ബി പദ്ധതി പ്രകാരം ജില്ലയില്‍  നവികരിക്കേണ്ട വിദ്യാലയങ്ങളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച് പദ്ധതികള്‍ വളരെ വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന മേഖലാതല അവലോകന യോഗം നിര്‍ദ്ദേശിച്ചു. 

വിദ്യാര്‍ത്ഥികളുടെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കാന്‍ നടപ്പിലാക്കിയ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും യോഗത്തില്‍ വിലയിരുത്തി. പദ്ധതിയുടെ ആദ്യഘട്ടം ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസുകളില്‍ ഒക്ടോബര്‍ മാസം ആരംഭിക്കും. ജില്ലയില്‍ 192 വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 

അഞ്ചാം ക്ലാസിലെ കുട്ടികളില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന ശിശു സൗഹൃദ ഗണിതശാസ്ത്ര പഠന പദ്ധതിയില്‍ ജില്ലയില്‍ ഒരു വിദ്യാലയത്തിലാണ് നടപ്പിലാക്കുന്നത്. 

ശുചിത്വബോധം, ശുചിത്വ ശീലം, പരിസര ശുചിത്വത്തിന്റെ പ്രാധാന്യം എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാമ്പയിന്‍ ജൂണ്‍ അഞ്ചിന് ആരംഭിച്ചു. കുട്ടികളില്‍ ലഹരിക്കെതിരെ അവബോധം ഉണ്ടാക്കാന്‍ ലഹരിക്കെതിരായ പ്രവര്‍ത്തനങ്ങളും എല്ലാ വിദ്യാലയങ്ങളിലും നടപ്പിലാക്കുന്നുണ്ട്. 

വിദ്യാര്‍ത്ഥികള്‍ക്കായി ഈ ക്യൂബ് ഇംഗ്ലീഷ് ലാംഗ്വേജ് ലാബുകള്‍, പ്ലസ് മൊബൈല്‍ ആപ്പ്, സഹിതം പോര്‍ട്ടല്‍, ജി സ്യൂട്ട് സംവിധാനം തുടങ്ങിയ വിവിധ പദ്ധതികളും മികച്ച രീതിയില്‍ നടപ്പിലാക്കി വരുന്നുണ്ട്. ആഹ്ലാദവും ആനന്ദവും കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്ന പഠന പരിസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന വര്‍ണകൂടാരം പദ്ധതി 52 വിദ്യാലയങ്ങളില്‍ വിജയകരമായി നടപ്പിലാക്കി. 

കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക വികാസത്തിനുള്ള പ്രവര്‍ത്തന ഇടം എന്ന നിലയില്‍ നടപ്പിലാക്കുന്ന സ്‌പേസ് പദ്ധതി രണ്ട് വിദ്യാലയങ്ങളില്‍ തിരഞ്ഞെടുത്തു നടപ്പിലാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കായി ബയോഡൈവേഴ്‌സിറ്റി പാര്‍ക്കുകളും മികച്ച രീതിയില്‍ നടപ്പിലാക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങള്‍ പഠനത്തോടൊപ്പം ആഹ്ലാദകരവും ആക്കുന്നതിനുള്ള വിവിധ പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്.

date