Skip to main content

ക്ലീൻ പുതുപ്പള്ളി: പാതയോരങ്ങൾ വൃത്തിയാക്കാൻ പദ്ധതിയുമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്

കോട്ടയം: കാടുകയറുന്ന പാതയോരങ്ങൾ വൃത്തിയാക്കി പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം സുരക്ഷിതമാക്കാൻ  പദ്ധതിയുമായി പുതുപ്പള്ളി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-24 സാമ്പത്തിക പദ്ധതിയിൽ ഉൾപ്പെടുത്തി 'ക്ലീൻ പുതുപ്പള്ളി' എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്. കാടുകയറുന്ന പാതയോരങ്ങൾ യന്ത്രത്തിന്റെ സഹായത്തോടെ വെട്ടി വൃത്തിയാക്കുന്ന തരത്തിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിനായി കരാർ വ്യവസ്ഥയിൽ രണ്ടു തൊഴിലാളികളെയും പഞ്ചായത്ത് നിയോഗിച്ചിട്ടുണ്ട്. 730 രൂപ ദിവസവേതനാടിസ്ഥാനത്തിലാണ് തൊഴിലാളികളെ നിയോഗിച്ചിട്ടുള്ളത്. ഇതിനായി മൂന്നുലക്ഷം രൂപയാണ് പദ്ധതിയിൽ നീക്കിവച്ചിരിക്കുന്നത്. പദ്ധതി നടപ്പാക്കാനുള്ള യന്ത്രസാമഗ്രികൾ വാങ്ങുന്നതിനായി 60,000 രൂപയും പഞ്ചായത്ത് ചെലവഴിച്ചു. ഒരാഴ്ച സമയമെടുത്താണ് പഞ്ചായത്തിലെ ഒരു വാർഡിലെ എല്ലാ പാതയോരങ്ങളും ഇത്തരത്തിൽ വൃത്തിയാക്കുന്നത്. പഞ്ചായത്തിലെ 18 വാർഡുകളിലായുള്ള പാതയോരങ്ങളും വൃത്തിയാക്കും. 18 വാർഡുകളും പൂർത്തിയായതിനുശേഷം വീണ്ടും ഒന്നാം വാർഡിൽ നിന്നു വൃത്തിയാക്കൽ നടപടി പുനരാരംഭിക്കും. പാതയോരങ്ങളിലെ കാട് തെളിച്ച് വൃത്തിയാക്കുന്ന പദ്ധതി പഞ്ചായത്തിലെ മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. കാടുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്ന പ്രവണതയ്ക്ക് അറുതി വരുത്താനും ഇഴജന്തുക്കളെ ഭയക്കാതെ പൊതുജനങ്ങൾക്ക് സുരക്ഷിത സഞ്ചാരം ഉറപ്പാക്കാനും പദ്ധതിയിലൂടെ കഴിയും.

 

date