Skip to main content

വികസന ലക്ഷ്യങ്ങള്‍; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ഇന്ന്

മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തില്‍ വയനാട്, കാസര്‍കോട്, കണ്ണൂര്‍ കോഴിക്കോട് ജില്ലകളിലെ മേഖലതല അവലോകന യോഗം ഇന്ന്(വ്യാഴം)നടക്കും. കോഴിക്കോട് മറീന കണ്‍വെന്‍ഷനില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, ഡയറക്ടര്‍മാര്‍, നാല് ജില്ലകളില്‍ നിന്നുള്ള കളക്ടര്‍മാര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലകള്‍ തോറുമുള്ള സമയബന്ധിത പദ്ധതി നിര്‍വഹണം ഉറപ്പാക്കുക.  അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുക,  വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുക തുടങ്ങിയവയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന  മേഖലാ തല യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് നാല് മേഖകളായി തിരിച്ചാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍  ജില്ലകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.  

ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, വയനാട് തുരങ്കപാത, മാലിന്യമുക്തകേരളം, ഹരിതകേരളം മിഷന്‍, ദാരിദ്ര്യനിര്‍മാര്‍ജനം, ലൈഫ് മിഷന്‍, സമഗ്ര വിദ്യാഭ്യാസ പുനരുജ്ജീവന പരിപാടി, ജല്‍ജീവന്‍ മിഷന്‍, ആര്‍ദ്രം മിഷന്‍ തുടങ്ങി നാല് ജില്ലകളുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവര്‍ത്തന പുരോഗതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. രാവിലെ 9.30 മുതല്‍ ഉച്ച 1.50 വരെ പ്രധാന പദ്ധതികളുടേയും പരിപാടികളുടേയും അവലോകനം നടക്കും. വൈകീട്ട് 3.30 മുതല്‍ അഞ്ചു വരെ പൊലീസ് ഓഫീസര്‍മാരുടെ േയാഗംചേര്‍ന്ന് ക്രമസമാധാന പ്രശ്നങ്ങള്‍ അവലോകനം ചെയ്യും. ചെറുവണ്ണൂര്‍ മറീന കണ്‍വന്‍ഷന്‍ സെന്ററില്‍  പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അവലോകന യോഗത്തിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി. അവസാനഘട്ട മേഖലതലയോഗമാണ് കോഴിക്കോട് നടക്കുന്നത്.

date