Skip to main content

മൂന്നാറിലെ മാലിന്യ പ്രശനം : പ്രത്യേക  പദ്ധതിവേണമെന്ന് നിയമസഭ പരിസ്ഥിതി സമിതി

മുന്നാറിലെ മാലിന്യപ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന്  പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കേണ്ടതുണ്ടെന്ന് നിയമസഭ പരിസ്ഥിതി സമിതി. മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍  ചേര്‍ന്ന സമിതി യോഗമാണ് ആവശ്യം മുന്നോട്ട് വച്ചത്. നിർദേശങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്   സമിതി ചെയർമാൻ ഇ.കെ. വിജയന്‍ എം.എല്‍.എ അറിയിച്ചു.
"നമ്മുടെ മൂന്നാർ' എന്ന  പദ്ധതി തയ്യാറാക്കി മാലിന്യപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണണം. യോഗത്തിൽ ഉയർന്ന വിവിധ പരാതികൾക്ക്  ഒരു മാസത്തിനകം പരിഹാരം കാണുന്നതിനും അത് സംബന്ധിച്ച്  റിപ്പോർട്ട്  നൽകാനും  വിവിധ ജില്ലാ തല വകുപ്പ് മേധാവികൾക്ക് നിർദേശം നൽകി

മൂന്നാറിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട അതോറിറ്റി രൂപീകരണം,  പഞ്ചായത്തിലെ ഗ്രീൻ ബഡ്ജറ്റ് തയ്യാറാക്കൽ, ഗാർഹികേതര നിർമാണങ്ങൾക്ക്  സ്ഥിരമോ താത്കാലികമായതോ ആയ അനുമതി,  പരിസ്ഥിതി സംരക്ഷണം , മാലിന്യനിർമാർജ്ജനം എന്നിവയിൽ  വിവിധ വകുപ്പുകൾ സ്വീകരിച്ച നടപടികൾ  യോഗം ചർച്ച ചെയ്തു.  തുടർന്ന് പഞ്ചായത്ത് നടപ്പാക്കിയ  പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതി , മാലിന്യസംസ്‌കരണ  പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ സമിതി നേരിട്ട് കണ്ട് മനസിലാക്കി. പരിസ്ഥിതി സംബന്ധിച്ച് 25 പരാതികളാണ്  നേരിട്ട്  ലഭിച്ചത് .  മലിനജലം പുനരുപയോഗിക്കുന്നതിനുള്ള  പ്ലാന്റ് നിർമ്മിക്കുന്നതിനായി   വാട്ടർ അതോറിറ്റിക്ക് കൈമാറിയ രണ്ടര ഏക്കർ സ്ഥലവും  സമിതി സന്ദർശിച്ചു.

 അശാസ്ത്രീയമായ പാറ പൊട്ടിക്കലിനെതിരെ  ലഭിച്ച പരാതി പരിശോധിക്കുന്നതിന്റെ   ഭാഗമായി  മൂന്നാർ ഗ്യാപ് റോഡിൽ   സമിതി തെളിവെടുപ്പും   നടത്തി. പ്രശ്നങ്ങൾ നേരിട്ട് കണ്ടു മനസിലാക്കി ശുപാർശ സർക്കാരിന് സമർപ്പിക്കാനാണ് പരിസ്ഥിതി സമിതിയുടെ തീരുമാനം.

ചെയർമാൻ ഇ.കെ. വിജയന്‍ എം.എല്‍.എക്ക് പുറമെ എം.എല്‍.എമാരായ എല്‍ദോസ് പി, കുന്നപ്പിള്ളില്‍, ജോബ് മൈക്കിള്‍, ലിന്റോ ജോസഫ്,  എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .  എം. എം മണി എംഎൽഎ, സബ് കളക്ടർ രാഹുൽ കൃഷ്ണശർമ, എ. ഡി. എം ഷൈജു പി ജേക്കബ്,  ജില്ലാ തല വകുപ്പ് മേധാവികൾ എന്നിവർ പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിലും തുടർന്ന്  ഗ്യാപ് റോഡിൽ നടന്ന   തെളിവെടുപ്പിലും പങ്കെടുത്തു

date