Skip to main content

നീരുറവ്-ജലബജറ്റ്  പദ്ധതി; ജില്ലാതല ശിൽപശാല നടത്തി

നീരുറവ്-ജലബജറ്റ്  പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച  ജില്ലാതല സാങ്കേതിക ശിൽപശാല ജില്ലാ ആസൂത്രണ സമിതി ഹാളിൽ അസിസ്റ്റന്റ് കലക്ടർ അനൂപ് ഗാർഗ്‌ ഉദ്ഘാടനം ചെയ്തു. നീരുറവ പദ്ധതിയുടെ ഡി പി ആർ, ജലബജറ്റ് എന്നിവയുടെ അവതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ശിൽപശാലയിൽ നടന്നു.
നിലവിൽ ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളും നീരുറവ്  പദ്ധതിയുടെ ഡി പി ആറും ജലബജറ്റും തയ്യാറാക്കിക്കഴിഞ്ഞു. ഇവയിൽ ചൊക്ലി, കേളകം, മുഴക്കുന്ന് പഞ്ചായത്തുകളിലേതാണ് ജില്ലാതല ഉദ്ഘാടനത്തിന്റെ ഭാഗമായി അവതരിപ്പിച്ചത്. ഹരിതകേരള മിഷൻ, എം ജി എന്‍ ആര്‍ ഇ എസ് എന്നിവ സംയുക്തമായാണ് ഗ്രാമപഞ്ചായത്തുകളിൽ ജലബജറ്റ് തയ്യാറാക്കുന്നത്. നീരുറവ്, ജലബജറ്റ് പദ്ധതികളുടെ ഭാഗമായുള്ള ജല സംരക്ഷണ പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ ഭൂഗർഭ ജല നിരപ്പ് വർധിപ്പിക്കുകയും ഇതിലൂടെ ജലക്ഷാമം പരിഹരിക്കുകയാണ് ലക്ഷ്യം. ഭൂപ്രകൃതിയുടെ സ്വാഭാവിക ഘടന നിലനിർത്തി മണ്ണ്, ജലം, ജൈവ സമ്പത്ത് എന്നിവ സംരക്ഷിച്ച് വരുംതലമുറക്ക് കൈമാറുന്നതിനുള്ള പദ്ധതികളും പ്രവർത്തനങ്ങളുമാണ് നടപ്പാക്കുക.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജെപിസി പി സുരേന്ദ്രൻ അധ്യക്ഷനായി. ഹരിതകേരളം മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഇ കെ സോമശേഖരൻ പദ്ധതി വിശദീകരിച്ചു.  വരൾച്ച:മുൻകരുതലും തുടർനടപടികളും എന്ന വിഷയത്തിൽ ഭൂജല വകുപ്പ് ജില്ലാ ഓഫീസർ ബി ഷാബി ക്ലാസ്സെടുത്തു.
ചെറുകിട ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ഗോപകുമാർ, കില ഫാക്കൽട്ടി സജീന്ദ്രൻ മാസ്റ്റർ, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ രാജീവ്‌, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി പി എം നൂറുദ്ദീൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജില്ലാ എൻജിനീയർ പി കെ ഹരികൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, ജില്ലാതല സാങ്കേതിക സമിതി അംഗങ്ങൾ, ബ്ലോക്ക് തല സാങ്കേതിക സമിതി കൺവീനർമാർ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, റിസോഴ്‌സ് പേഴ്സൺമാർ തുടങ്ങിയവർ പങ്കെടുത്തു.
 

date