Skip to main content

തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് പരിശീലനം

തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്കുള്ള ഐഎംജി പരിശീലന പരിപാടിക്ക് തുടക്കമായി. തിരുവനന്തപുരം ഐ എം ജി ക്യാമ്പസിൽ തദ്ദേശ സ്വയം ഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഏകീകൃത തദ്ദേശസ്വയംഭരണ വകുപ്പ് രൂപീകൃതമായശേഷം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലെയും സെക്രട്ടറിമാർക്ക് ഒരു പൊതുവായ സിലബസിന്റെ  അടിസ്ഥാനത്തിൽ നൽകുന്ന ആദ്യ പരിശീലന പരിപാടിയാണ് ആരംഭിച്ചത്. ജനങ്ങളുമായി ഏറ്റവും അടുത്ത് ഇടപെടുന്ന ഉദ്യോഗസ്ഥർ എന്ന നിലയിൽ സെക്രട്ടറിമാർക്കുള്ള പരിശീലനം പ്രാധാന്യമർഹിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. സേവനങ്ങൾ സമയബന്ധിതമായും സുതാര്യമായും ഉറപ്പാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കഴിയണം. പൊതുജന താത്പര്യത്തിനൊപ്പം ചേർന്നുനിന്ന് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പ്രവർത്തിക്കാനാകണം. ജനപ്രതിനിധികളെയും വിശ്വാസത്തിലെടുത്ത് ഉദ്യോഗസ്ഥ സംവിധാനം പ്രവർത്തിക്കണം. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സെക്രട്ടറിമാരുടെ ജോലിഭാരം ലഘൂകരിക്കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് ശ്രമിക്കുന്നുണ്ട്. കെ സ്മാർട്ട് ഇതിൽ സുപ്രധാന പങ്ക് വഹിക്കും. പരിശീലനത്തിലൂടെ മികച്ച പ്രകടനം കാഴ്ച വെക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്ക് കഴിയുമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ അധ്യക്ഷയായി.

സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാർക്കുമായി മൂന്ന് മേഖലകളിൽ 40 ബാച്ചുകളായാണ് പരിശീലനം ഒരുക്കിയിരിക്കുന്നത്. മൂന്നു ദിവസത്തെ പരിശീലനമാണ് ഒരു സെക്രട്ടറിക്ക് നൽകുന്നത്.  ഐ.എം.ജി. യുടെ തിരുവനന്തപുരം  ക്യാമ്പസ് കൂടാതെ എറണാകുളം, കോഴിക്കോട്  ക്യാമ്പസുകളിലും ട്രെയിനിംഗ് നടക്കും. 30 പേരടങ്ങുന്നതാണ് ഒരു ബാച്ച്. തിരുവനന്തപുരത്ത് 20 ബാച്ചുകളും കോഴിക്കോട് ഐ.എം.ജി.  ക്യാമ്പസിലും  എറണാകുളം ഐ.എം.ജി.  ക്യാമ്പസിലും 10 വീതം ബാച്ചുകൾക്കും ട്രെയിനിങ് നല്കും. തദ്ദേശ സ്വയം ഭരണ വകുപ്പും ഐഎംജിയും സംയുക്തമായാണ് പരിശീലനത്തിനുള്ള ചെലവ് കണ്ടെത്തുന്നത്. സാങ്കേതികവും ഭരണപരവുമായ വിഷയങ്ങളിൽ കില നടത്തുന്ന പരിശീലന പരിപാടികൾക്കും റിഫ്രഷ്‌മെന്റ് കോഴ്‌സുകൾക്കും പുറമേയാണ് ഈ പരിശീലനം.

പി.എൻ.എക്‌സ്4764/2023

date