Skip to main content

ഒറ്റദിവസം ഒൻപത് ആശുപത്രികളിൽ സന്ദർശനം: ഒട്ടേറെക്കാര്യങ്ങൾക്ക് പരിഹാരം

തിരുവനന്തപുരം: 'ആർദ്രം ആരോഗ്യം'പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ആദ്യദിനം കോട്ടയം, എറണാകുളം ജില്ലകളിലായി ഒമ്പതു താലൂക്ക്-ജില്ലാ-ജനറൽ ആശുപത്രികൾ സന്ദർശിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം, മൂവാറ്റുപുഴ, പിറവം, കോട്ടയം ജില്ലയിലെ കുറവിലങ്ങാട്, പാല, കാഞ്ഞിരപ്പള്ളി, പാമ്പാടി, ചങ്ങനാശേരി, കോട്ടയം എന്നീ ആശുപത്രികൾ സന്ദർശിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം എല്ലാ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളും സന്ദർശിക്കുന്നത്. അതത് ജില്ലകളിലെ എം.എൽ.എമാർ, ജനപ്രതിനിധികൾ, ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ സന്ദർശനത്തിൽ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ആശുപത്രിയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ മന്ത്രി നേരിട്ട് വിലയിരുത്തി. പോരായ്മകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ നിർദേശം നൽകി. ജനപ്രതിനിധികൾ, ഡോക്ടർമാർ, നഴ്‌സുമാർ, ജീവനക്കാർ, രോഗികൾ, പൊതുജനങ്ങൾ എന്നിവരോട് മന്ത്രി വിവരങ്ങളും അഭിപ്രായവും ആരാഞ്ഞു. ആശുപത്രികളിലെ വാർഡുകൾ, ലാബുകൾ, നിർമാണം നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ സന്ദർശിച്ചു. ആശുപത്രിയിലെ വാർഡുകളിലും സന്ദർശനം നടത്തിയ മന്ത്രി രോഗികളുടെ രോഗവിവരങ്ങളും ചികിത്സാ വിവരങ്ങളും ചോദിച്ചറിഞ്ഞു.

ആശുപത്രികളുടെ സന്ദർശനത്തിന് ശേഷം കോട്ടയം കളക്ടറേറ്റിൽ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. ജില്ലയിലെ ആശുപത്രികളിൽ നടപ്പാക്കുന്ന വികസന പദ്ധതികൾ യോഗം ചർച്ച ചെയ്തു. ആശുപത്രികളിലെ നിർമാണത്തിന് തടസമാകുന്ന വിഷയങ്ങൾ പ്രത്യേകം ചർച്ച ചെയ്ത് പരിഹാരം നിർദേശിച്ചു. ആർദ്രം മാനദണ്ഡങ്ങൾ പ്രകാരമുള്ള സേവനങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി, മാനദണ്ഡപ്രകാരമുള്ള സുരക്ഷാ ക്രമീകരണങ്ങൾ, മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, അവലോകനം തുടങ്ങിയവ അവലോകനം ചെയ്തു.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴികാടൻ എം.പി., എം.എൽ.എ. മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ. മോൻസ് ജോസഫ്, സി.കെ. ആശ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. ജയശ്രീ, ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി, ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പി.എൻ. വിദ്യാധരൻ, ആശുപത്രി സൂപ്രണ്ടുമാർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.
 

date