Skip to main content

മാലിന്യമുക്ത നവകേരളം; കടുത്തുരുത്തി പഞ്ചായത്തുതല കൺവൻഷൻ നടത്തി

കോട്ടയം: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കടുത്തുരുത്തി ഗ്രാമപഞ്ചായത്തുതല കൺവൻഷൻ നടത്തി. കടുത്തുരുത്തി കടപ്പൂരാൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ബി. സ്മിത അധ്യക്ഷത വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. സുനിൽ മുഖ്യപ്രഭാഷണം നടത്തി. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിൻസി എലിസബത്ത്  മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ ദൂഷ്യവശങ്ങൾ ചൂണ്ടികാണിച്ച് ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ് വിഷയാവതരണം നടത്തി. വിവിധ രാഷ്ട്രീയ-സാമുദായിക സംഘടന പ്രതിനിധികൾ,  തദ്ദേശസ്വയംഭരണസ്ഥാപന പരിധിയിലെ സർക്കാർ/പൊതുമേഖലാ സ്ഥാപന പ്രതിനിധികൾ, യൂത്ത് ക്ലബ്ബുകൾ- കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങൾ, പി.ടി.എ. പ്രതിനിധികൾ, എൻ.സി.സി., എൻ.എസ്.എസ്., എസ്.പി.സി. ചുമതലയുളള അധ്യാപകർ, ആരോഗ്യപ്രവർത്തകർ എന്നിവർ   പങ്കെടുത്തു.
ഡിസംബർ 31ന് കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്തപഞ്ചായത്തായി പ്രഖ്യാപിക്കുന്നതിനുള്ള പദ്ധതി യോഗത്തിൽ അവതരിപ്പിച്ചു. ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തി യോഗങ്ങൾ നടത്തും.
 

date