Skip to main content

തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനം: ദേശീയ സമ്മേളനം ആരംഭിച്ചു

 

തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനം എന്ന വിഷയത്തിൽ കോഴിക്കോട്  ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ (സി.ഡബ്ലിയു.ആർ.ഡി.എം)  ത്രിദിന ദേശീയ സമ്മേളനം ആരംഭിച്ചു. എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. സി.ഡബ്ലിയു.ആർ.ഡി.എം എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. മനോജ് പി. സാമുവൽ അധ്യക്ഷത വഹിച്ചു. കാരുണ്യ യൂണിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. ഇ ജെ ജയിംസ്,  പ്രൊഫ.ടി.വി രാമചന്ദ്ര (ഇന്ത്യൻ ഇൻസ്റ്റിറ്റൂട്ട് ഓഫ് സയൻസ് ബാംഗ്ലൂർ), ഡോ ഹരികുമാർ പി.എസ് (റിട്ട. ചീഫ് സയന്റിസ്റ്റ് സി.ഡബ്ലു.ആർ.ഡി.എം),  ഡോ. മെഹുവ സാഹ (എൻ ഐ ഒ ഗോവ ) എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഡോ. രശ്മി ടി.ആർ, ഡോ. ഗോൾഡിൻ ക്വാഡ്രോസ്, ഡോ. ജോൺ സി മാത്യു, ഡോ രഞ്ചിത്ത് കെ.ആർ എന്നിവർ പ്രസംഗിച്ചു.
തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം നൽകുന്നതിനും തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനുമായി വിഭാവനം ചെയ്തിരിക്കുന്ന തണ്ണീർത്തട ദേശീയ സമ്മേളനം സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെയും വെറ്റ്‌ലാൻഡ് ഇന്റർനാഷണൽ സൗത്ത് ഏഷ്യയുടെയും സാമ്പത്തിക സഹായത്തോടെയാണ് നടത്തുന്നത്. രാജ്യത്തെ പ്രധാന ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള ഗവേഷണ വിദ്യാർത്ഥികളുടെയും ശാസ്ത്രജ്ഞന്മാരുടെയും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും വ്യക്തികളുടെയും കൂട്ടായ്മക്ക് വേദി ഒരുക്കുന്ന സമ്മേളനത്തിൽ  തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനായുള്ള നിരീക്ഷണ സംവിധാനങ്ങൾ, അവയുടെ ജൈവവൈവിധ്യം, പാരിസ്ഥിതിക സേവനങ്ങൾ, കാലാവസ്ഥാവ്യതിയാനം, ടൂറിസം, തണ്ണീർത്തട ആവാസവ്യവസ്ഥ, കാർബൺ ബഹിർഗമനം തുടങ്ങിയവയെക്കുറിച്ചുള്ള പഠനപ്രബന്ധങ്ങൾ അവതരിപ്പിക്കും.  സമാപന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ ക്യഷ്ണൻ കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി മൂന്നാം ദിനത്തിൽ കവ്വായി തണ്ണീർതടത്തിൽ വെച്ച് ഫ്ലോട്ടിങ് കോൺഫെറൻസും സംഘടിപ്പിക്കുന്നുണ്ട്.
(ഫോട്ടോ )
തണ്ണീർത്തടങ്ങളുടെ പുനരുജ്ജീവനം എന്ന വിഷയത്തിൽ കോഴിക്കോട്  ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനം എം ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു

date