Skip to main content

നവകേരളം ബഹുജനസദസ്; മുന്നൊരുക്കം വിലയിരുത്തി

കോട്ടയം: ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നവകേരള ബഹുജനസദസിന്റെ മുന്നൊരുക്കം വിലയിരുത്തി. കളക്ടറേറ്റിൽ നടന്ന ഉദ്യോഗസ്ഥതല യോഗത്തിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അധ്യക്ഷത വഹിച്ചു. ബഹുജന സദസിനു മുന്നോടിയായി നിയമസഭമണ്ഡലതലത്തിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും നടത്തേണ്ട പ്രവർത്തനങ്ങളും മുന്നൊരുക്കങ്ങളും യോഗം ചർച്ച ചെയ്തു.

ഓരോ മണ്ഡലത്തിലും ജനറൽ കമ്മിറ്റി, റിസപ്ഷൻ, മീഡിയ സെൽ, പബ്ലിക് റിലേഷൻസ്, പബ്ലിസിറ്റി, ശുചിത്വം, അത്യാഹിതവിഭാഗം, വി.ഐ.പി, ഭക്ഷണം, സാമ്പത്തികം തുടങ്ങി 12 കമ്മിറ്റികൾ രൂപീകരിക്കണം. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ താഴേത്തലംവരെ സംഘാടകസമിതി രൂപീകരിച്ച് യോഗങ്ങൾ ചേരണം. താഴെത്തട്ടിലെ പ്രചരണ പരിപാടികൾക്ക് കൃഷി-റവന്യൂ-മൃഗസംരക്ഷണം, വനിത-ശിശു സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ നേതൃത്വം നൽകും. ആവശ്യഘട്ടത്തിൽ ആശ-അങ്കണവാടി-കുടുംബശ്രീ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്താം. മുഖ്യമന്ത്രിയോട് സംവദിക്കുന്ന പ്രഭാതയോഗങ്ങളിൽ പങ്കെടുക്കുന്നവർ, മണ്ഡലങ്ങളിലേക്ക് ക്ഷണിക്കുന്ന അതിഥികൾ, യോഗങ്ങൾ സംഘടിപ്പിക്കുന്ന സ്ഥലങ്ങൾ, ബജറ്റ് എസ്റ്റിമേറ്റ് എന്നിവയുടെ അന്തിമ ലിസ്റ്റ് രൂപീകരിക്കാനും യോഗം തീരുമാനിച്ചു.

അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി. നിർമൽ കുമാർ, ബഹുജന സദസ് സംഘാടക സമിതി കൺവീനർമാരായ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ഡെപ്യൂട്ടി കളക്ടർമാരായ കെ. മുഹമ്മദ് ഷാഫി, സോളി ആന്റണി, കെ. ഗീത കുമാരി, ആർ.ഡി.ഒ.മാരായ പി.ജി. രാജേന്ദ്ര ബാബു, വിനോദ് രാജ്, ജോയിന്റ് കൺവീനർമാരായ ബി.ഡി.ഒമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്തു.

 

date