Skip to main content

വിഴിഞ്ഞം തുറമുഖം: കട്ടമരത്തൊഴിലാളികള്‍ക്ക് 2.2 കോടി രൂപ നഷ്ടപരിഹാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജീവനോപാധി നഷ്ടപരിഹാരത്തിന് അര്‍ഹരായ വിഴിഞ്ഞം സൗത്ത് കടപ്പുറത്തെ 53 കട്ടമരത്തൊഴിലാളികള്‍ക്ക്  4.20 ലക്ഷം രൂപ വീതം ആകെ  രണ്ടു കോടി ഇരുപത്തിരണ്ട് ലക്ഷത്തി അറുപതിനായിരം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവായതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിലുള്ള അപ്പീല്‍ കമ്മിറ്റി നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയതും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനി ശുപാര്‍ശ ചെയ്തിട്ടുള്ളതുമായ തൊഴിലാളികള്‍ക്കാണ് നഷ്ടപരിഹാരം അനുവദിച്ചത്. 82,440 രൂപ വീതമാണ് കട്ടമരത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരമായി ആദ്യം വിലയിരുത്തിയതെങ്കിലും കട്ടമര ഉടമസ്ഥര്‍ക്ക് ഭാഗികമായ ജീവനോപാധി നഷ്ടം സംഭവിക്കുന്നുവെന്ന  ജീവനോപാധി ആഘാത വിലയിരുത്തല്‍ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുക വര്‍ധിപ്പിച്ചത്. മഹാത്മഗാന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്‌മെന്റ് ഗ്യാരന്റി സ്‌കീമിന്റെ ഇപ്പോഴത്തെ ദിനബത്തയായ 333 രൂപ അടിസ്ഥാനമാക്കി പ്രതിവര്‍ഷം 180 തൊഴില്‍ ദിനങ്ങള്‍ എന്ന രീതിയില്‍ ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം നീണ്ടുപോയ 7 വര്‍ഷത്തേക്കുള്ള നഷ്ടപരിഹാരമാണ് അനുവദിച്ചത്.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം ലത്തീന്‍ ഇടവക പ്രതിനിധികളുമായി മന്ത്രി സജി ചെറിയാന്‍ ചര്‍ച്ച നടത്തി. നഷ്ടപരിഹാരത്തിന് അര്‍ഹരായ കട്ടമരത്തൊഴിലാളികള്‍ ഇനിയുമുണ്ടെന്ന മത്സ്യത്തൊഴിലാളിപ്രതിനിധികളുടെ പരാതി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തി. കരമടി അനുബന്ധ തൊഴിലാളികളുടെ നഷ്ടപരിഹാരം വേഗത്തില്‍ ലഭ്യമാക്കാനായി ഇടപെടല്‍ നടത്തും. നിലവില്‍ നല്‍കിവരുന്ന സൗജന്യ മണ്ണെണ്ണയുടെ കാലാവധി നീട്ടല്‍, പാര്‍പ്പിട നിര്‍മാണത്തിന് ലൈഫില്‍ പ്രത്യേക മുന്‍ഗണന, എല്ലാവര്‍ക്കും കുടിവെള്ള കണക്ഷന്‍ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട മന്ത്രിമാരുമായും ചര്‍ച്ച നടത്തി പരിഹാരം കാണുവാനും തീരുമാനമായി. വിഴിഞ്ഞം ഫിഷ് ലാന്റിങ്ങ് സെന്ററിന്റെ നവീകരണം സംബന്ധിച്ച രൂപരേഖ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടെ പരിഗണിച്ച ശേഷം പൂര്‍ത്തിയാക്കി ഒക്ടോബറില്‍ സമര്‍പ്പിക്കും. വിഴിഞ്ഞത്ത് 10 കിടക്കകളുള്ള പുതിയ ആശുപത്രി നിര്‍മിക്കുന്നതിനായി  സ്ഥലം  സര്‍ക്കാരിന് കൈമാറുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ലത്തീന്‍ ഇടവക പ്രതിനിധികള്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് , ഫിഷറീസ് ഡയറക്ടര്‍ അദീല അബ്ദുള്ള, സബ് കളക്ടര്‍ ഡോ.അശ്വതി ശ്രീനിവാസ്, വിഴിഞ്ഞം ലത്തീന്‍ ഇടവക വികാരി മോണ്‍. ഡോ. നിക്കോളാസ്, മത്സ്യത്തൊഴിലാളി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും പങ്കെടുത്തു.

date