Skip to main content
അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ആദിവാസി ഊരില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കുന്നു.

ദുരന്തനിവാരണം നടപ്പാക്കാന്‍ ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യം: ജില്ലാ കളക്ടര്‍

ദുരന്തനിവാരണം നടപ്പാക്കുന്നതില്‍  ജനങ്ങളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. അന്താരാഷ്ട്ര ദുരന്തലഘൂകരണദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം മഞ്ഞത്തോട് ആദിവാസി ഊരില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍. ആദിവാസി ഊരുകളിലെ നാട്ടറിവും അനുഭവങ്ങളും ഒത്തുചേര്‍ത്തുവേണം ദുരന്തനിവാരണ തയ്യാറെടുപ്പുകള്‍ നടത്തേണ്ടത്. പ്രകൃതി ദുരന്തങ്ങള്‍ ധാരാളം വേട്ടയാടുന്ന ജില്ലയാണ് പത്തനംതിട്ട. അവയെ ചെറുത്തു നില്‍ക്കാന്‍ നമുക്ക് കഴിയുന്നുണ്ട്. ദുരന്തനിവാരണത്തില്‍ പത്തനംതിട്ടമാതൃക സൃഷ്ടിക്കണം. ജില്ലയിലെ ഈ തലമുറയില്‍പ്പെട്ട എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ കഴിയുന്നതാണ് ഏറ്റവും വലിയ മാറ്റവും വിജയവും. എല്ലാവരും ഇനിയും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കണമെന്നും കളക്ടര്‍ പറഞ്ഞു.
പട്ടികവര്‍ഗവികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് വയറിംഗ് പൂര്‍ത്തിയാക്കി വൈദ്യുതി എത്തിച്ച മഞ്ഞത്തോട് ആദിവാസി ഊരിലെ വീടുകളില്‍ കളക്ടര്‍ പരിശോധന നടത്തി. പട്ടികജാതി- പട്ടികവര്‍ഗ വകുപ്പുകളിലെ പ്രൊമോട്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന ആദിവാസി കോളനി റോഡ് ശുചീകരണ പ്രവര്‍ത്തനത്തിലും കളക്ടര്‍ പങ്കാളിയായി.
റാന്നി പെരുനാട് വൈസ് പ്രസിഡന്റ് ഡി. ശ്രീകല അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്തംഗം മഞ്ജു പ്രമോദ്,
ജില്ലാ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്. എസ.് സുധീര്‍, റാന്നി ടി.ഇ.ഒ എ. നിസാര്‍, റാന്നി തഹസില്‍ദാര്‍ എം. കെ. അജികുമാര്‍, ഊരുമൂപ്പന്‍ രാജു തങ്കയ്യ, പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    
 

date