Skip to main content

   ദുരിത ജീവിതത്തിന് അറുതിയായി, വൃദ്ധ മാതാവിനും അരക്ക് താഴെ തളർന്ന മകനും സംരക്ഷണമൊരുക്കി സാമൂഹ്യനീതി വകുപ്പ്

ആലപ്പുഴ: അരക്ക് താഴെ തളർന്ന ഭിന്നശേഷിക്കാരനായ മകന്റെ ജീവിത ആവശ്യങ്ങളൊന്നും നിറവേറ്റാൻ കഴിയാതെ ഏറെ പ്രയാസപ്പെട്ടിരുന്ന കൈനകരി സ്വദേശിയായ വിധവയായ ഐഷമ്മക്ക് ഇനി ആശ്വസിക്കാം. അമ്മയെയും മകനെയും ഒരുമിച്ച് താമസിപ്പിക്കുന്നതിന് ആലപ്പുഴ സാമൂഹ്യനീതി വകുപ്പ് പത്തനാപുരം ഗാന്ധിഭവൻ മുഖേന നടപടി പൂർത്തീകരിച്ചു.കഴിഞ്ഞ ദിവസം നെടുമുടിയിൽ വച്ച് നടന്ന നവകേരള സദസ്സ് മണ്ഡലതല യോഗത്തിൽ 'ഐഷമ്മയുടെയും 36 വയസുള്ള ഭിന്നശേഷിക്കാരനായ മകന്റെയും ദുരിതാവസ്ഥ തോമസ്.കെ.തോമസ് എം.എൽ.എ അവതരിപ്പിച്ചിരുന്നു. ഇത് ഏറ്റെടുത്താണ് സാമൂഹിക നീതി വകുപ്പ് നടപടികളെടുത്തത്. ഉപജീവനത്തിന് മാർഗ്ഗമില്ലാതെ , തളർന്ന് കിടക്കുന്ന മകന്റ പരിചരണ ചുമതല നിർവ്വഹിക്കുവാൻ കഴിയാത്ത വൃദ്ധ മാതാവ് നിസഹായ അവസ്ഥയിലായിരുന്നു. ചികിത്സാപരമായ ആവശ്യങ്ങൾക്ക്  വൃദ്ധ മാതാവ് പമ്പയാറിന്റെ കടത്ത് കടന്ന് ചലനശേഷി ഇല്ലാത്ത മകനേയും കൊണ്ട് പോകേണ്ടുന്ന അവസ്ഥയായിരുന്നു. മകനെ തനിച്ചാക്കി ജോലിക്ക് പോകുന്നതിനും കഴിയില്ലായിരുന്നു. മകന്റെ മാത്രമായ സംരക്ഷണ ചുമതല ഏറ്റെടുക്കുവാൻ പല സംഘടനകളും മുൻപ് തയ്യാറായി വന്നിരുന്നെങ്കിലും മാതാവിനെ പിരിഞ്ഞിരിക്കുക മകന് സാധ്യമായിരുന്നില്ല. കൈനകരിയിലേത് പ്രത്യേക വിഷയമായി പരിഗണിച്ച് വൃദ്ധയായ മാതാവിനെയും ഭിന്നശേഷിക്കാരനായ മകനെയും വേർപിരിക്കാതെ ഒരുമിച്ച് താമസിപ്പിച്ച് സംരക്ഷണം നൽകുന്നതിനായി ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഓ.ആബീൻ,  ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജനോട് അഭ്യർത്ഥിച്ചതിനെ തുടർന്ന് അമ്മയുടെയും മകന്റെയും പൂർണ്ണ സംരക്ഷണ ചുമതല പത്തനാപുരം ഗാന്ധിഭവൻ ഏറ്റെടുക്കയായിരുന്നു. പത്തനാപുരത്ത് നിന്ന് കൈനകരിയിൽ എത്തിയ ആബുലൻസിൽ തോമസ് കെ തോമസ് എം.എൽ.എയുടെ സാന്നിധ്യത്തിൽ ഐഷ ഉമ്മയെയും മകനെയും ഗാന്ധിഭവൻ അധികൃതർ ഏറ്റെടുത്തു. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, സീനിയർ സൂപ്രണ്ട് ദീപു.എം.എൻ, ജൂനിയർ സൂപ്രണ്ട് സലീഷ് കുമാർ എസ്.സി,  ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറി മുഹമ്മദ് ഷെമീർ, ഗാന്ധിഭവൻ പ്രവർത്തകരായ ബീന ഷാജഹാൻ, ആകാശ്, കിരൺ , സാമൂഹ്യ പ്രവർത്തകരായ അമൃത. എസ്, അമൃത സെബാസ്റ്റ്യൻ എന്നിവർ എത്തിയിരുന്നു.

date